Friday, 19 May 2023

കൂർമ്മാവതാരം

പഞ്ചാഗ്നിമധ്യത്തിലായിരുന്നു പാർവതിയുടെ പ്രണയ തപസ്സ്. മഞ്ഞിനും മഴയ്ക്കും സൂര്യതാപത്തിനുമൊന്നും ആ പ്രണയാഭിലാഷത്തെ തടുക്കാനായില്ല. അപർണ്ണയായിരുന്നു ദേവി - ഇലപോലും ഭക്ഷിക്കാത്തവൾ. ഊണും ഉറക്കവും വെടിഞ്ഞുള്ള ആ സഹനത്തിനു മുന്നിൽ പരമശിവൻ കീഴടങ്ങുകതന്നെ ചെയ്തു. പക്ഷേ സംഹാരമൂർത്തിയുടെ കോപത്തിന്റെ ചൂടറിഞ്ഞപ്പോൾ ദേവി തളർന്നുപോയി.

spiritual stories malayalam,purana kadhakal,balakadhakal,koormavatharam

പ്രണയതപസ്സിന്റെ കാലത്തു തന്നെ കാമദേവനെ ഭസ്മമാക്കിയ ഭഗവാന്റെ കോപം ദേവി കണ്ടിരുന്നു. എങ്കിലും ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. എന്തിനും ഏതിനും കോപം. തിരുനെറ്റിയിലെ അഗ്നിക്കണ്ണ് ദേവിയുടെ സമാധാനം മുഴുവൻ കെടുത്തുന്നതായിരുന്നു. ഭർത്താവിന്റെ കോപാവേശത്തിനു തടയിടാൻ ദേവി അതിയായി ആഗ്രഹിച്ചു. "ഇത്രയ്ക്ക് കോപമുള്ള ഭർത്താവിനോടൊപ്പമുള്ള ജീവിതം ഒരു ദുർവാസമാണ്.
ഒരിക്കൽ പാർവ്വതി ശിവനോട് പറഞ്ഞു. പ്രിയ ഭാര്യയ്ക്കുപോലും തന്റെ കോപം മടുത്തു തുടങ്ങി എന്നു മനസ്സിലാക്കിയ ശിവൻ തന്നിലെ കോപത്തെ മുഴുവൻ മറ്റൊരു മൂർത്തിയാക്കി ജനിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെ അത്രിമഹർഷിയുടെ ഭാര്യയായ അനസൂയ ത്രിമൂർത്തികളെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തി അവർ തനിക്കു മക്കളായി പിറക്കണം എന്ന വരം ആവശ്യപ്പെട്ടു.

വരം നൽകിയ ശിവൻ തന്നിലെ കോപത്തെ മുഴുവൻ അനസൂയയുടെ പുത്രനായി ജനിക്കുന്നതിന് അനുവദിച്ചു. അങ്ങനെ, പാർവതിയുടെ ദുർവാസം ഇല്ലാതാക്കാൻ അനസൂയയിൽ ജനിച്ച ശിവകോപമാണ് ദുർവ്വാസാവ്. മുൻകോപം കൊണ്ട് ത്രിലോകങ്ങളെ വിറപ്പിച്ച ദുർവ്വാസാവാണ് കൂർമ്മാവതാരമെടുക്കാൻ കാരണക്കാരനായത്. ദുർവ്വാസാവിന്റെ മുൻകോപത്തെക്കുറിച്ച് എത്രയെത്ര കഥ കളാണുള്ളത്.

കണ്വാശ്രമത്തിൽ ഒരിക്കൽ അദ്ദേഹം എത്തിയപ്പോൾ പ്രിയതമനായ ദുഷ്യന്തനെ സ്വപ്നം കണ്ട് സ്വയം മറന്നിരിക്കുന്ന ശകുന്തളയെ കാണാനിടയായി. തന്നെ ആദരിക്കാതെ ആലോചനയിൽ മുഴുകിയിരുന്ന ആ മുനികന്യകയെ അദ്ദേഹം ശപിച്ചുകളഞ്ഞു. നീ സ്വപ്നം കാണുന്ന യുവാവ് നിന്നെ മറന്നു പോകട്ടെ. ഗർഭിണിയായ ശകുന്തളയെ ദുഷ്യന്തൻ സ്വീകരിക്കാതിരുന്നത് ഈ ശാപഫലമായ മറവി മൂലമായിരുന്നു.

മുൻകോപംപോലെ പെട്ടെന്ന് സന്തോഷിക്കുന്ന സ്വഭാവവും ദുർവ്വാസാവിനുണ്ട്. കുന്തിഭോജൻ എന്ന രാജാവിന്റെ വളർത്തു പുത്രിയായി കുന്തീ ദേവി കഴിയുന്ന കാലത്ത് ദുർവ്വാസാവ് അവിടെയെത്തി. വിശന്നു വലഞ്ഞിരുന്ന മുനി ഉടൻ ഭക്ഷണം ആവശ്യപ്പെട്ടു. ശാപം ഭയന്ന് കുന്തി അതിവേഗം ഭക്ഷണം വിളമ്പി മുനിയുടെ മുന്നിൽ വെച്ചു. അത് ആവി പറക്കുന്നതും തീപോലെ ചൂടുള്ളതും ആയിരുന്നു.

മുനിയുടെ ശാപം ഭയന്ന് കുന്തി തന്റെ പുറത്ത് ഭക്ഷണപാത്രം വെച്ച് ചൂടാറ്റി ഉപയോഗിക്കുവാൻ ദുർവ്വാസാവിനോട് അപേക്ഷിച്ചു. പുറത്തെ മാംസം വെന്തുരുകുമ്പോഴും ക്ഷമയോടെ അതിഥിയ്ക്ക് സേവനം നടത്തി. കന്യകയിൽ ദുർവ്വാസാവ് പ്രീതനാവുകയും ഇഷ്ടപുരുഷനെ ഭർത്താവായി ലഭിക്കുന്നതിനുള്ള അഞ്ചു മന്ത്രങ്ങൾ കുന്തീ ദേവിക്ക് ഉപദേശിക്കുകയും ചെയ്തു. ഈ മന്ത്രശക്തിയാലാണ് കർണ്ണനും പഞ്ചപാണ്ഡവരും കുന്തീപുത്രന്മാരായി പിറന്നത്.

ദുർവ്വാസാവിന്റെ പ്രീതിയുടെയും കോപങ്ങളുടെയും എത്രയോ കഥകൾ ഇനിയുമുണ്ടെങ്കിലും നമുക്ക് കൂർമ്മാവതാരത്തിനു കാരണമായ പുരാണത്തിലേക്കു തിരിച്ചുവരാം. ഒരിക്കൽ ദുർവ്വാസാവുമഹർഷി ദേവലോകം സന്ദർശിച്ചു.ഇന്ദ്രനും പരിവാരങ്ങളും അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ മത്സരമായിരുന്നു. ദേവസുന്ദരികൾ നർത്തനമാടി, യക്ഷകിന്നര ഗന്ധർവന്മാർ സംഗീതവർഷം നടത്തി. ഈ സ്വീകരണത്തിൽ മുനി വളരെ സന്തോഷിക്കുകയും ദേവലോകത്തുനിന്നു മടങ്ങുമ്പോൾ ഒരു ദിവ്യമായ പൂമാല ഇന്ദ്രന് ഉപഹാരമായി നൽകുകയും ചെയ്തു.

മാലയുടെ സൗന്ദര്യത്തിലും പരിമളത്തിലും ആകൃഷ്ടനായ ഇന്ദ്രൻ അത് തന്റെ പ്രിയ വാഹനമായ ഐരാവതത്തിന്റെ മസ്തകത്തിൽ അണിയിക്കുകയും ചെയ്തു. പൂമാലയുടെ പരിമളം മൂലം ദേവലോക ഉദ്യാനങ്ങളിലെ വണ്ടുകളെല്ലാം ആനയുടെ ചുറ്റും മൂളിപ്പറന്നു. പൂന്തേൻ കുടിക്കാനുള്ള വണ്ടുകളുടെ മത്സരം പരസ്പരം ആക്രമണത്തിൽ കലാശിച്ചപ്പോൾ ഐരാവതത്തിനും വണ്ടിന്റെ കുത്ത് ഇഷ്ടംപോലെ കിട്ടി.

ആനയുണ്ടോ ദുർവ്വാസാവിനെ അറിയുന്നു! അത് മസ്തകത്തിലെ പൂമാല വലിച്ചെടുത്ത് നിലത്തിട്ടു ചവിട്ടിത്തേച്ച് വണ്ടുകളുടെ കുത്തിൽ നിന്നും രക്ഷപ്പെട്ടു. വിവരം കാട്ടുതീപോലെ പടരുകയും ദുർവ്വാസാവിന്റെ ചെവിയിലെത്തുകയും ചെയ്തു. കോപവിവശനായ മുനി ദേവന്മാരെ ശപിച്ചു. നിങ്ങൾ ജരാനരയും മരണമുള്ളവരുമാകട്ടെ!' അന്നേവരെ നിത്യയൗവനവും അമരത്വവും അനുഭവിച്ച അവർ ശാപഫലമായി വൃദ്ധരാവുകയും മരണമടയുകയും ചെയ്തു. ദേവ രാജധാനിയായ അമരാവതി വൃദ്ധന്മാരുടെയും രോഗികളുടെയും കേന്ദ്രമായി മാറി.

വേവലാതിപൂണ്ട ദേവകൾ ബ്രഹ്മാവിനോടും ശിവനോടുമൊപ്പം പാലാഴിക്കരയിലെത്തി സ്തുതിഗീതങ്ങളാൽ വിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തി.പാലാഴി കടഞ്ഞ് അമൃതെടുത്തു ഭുജിച്ചാൽ അമരത്വവും സമഡിയും തിരിച്ചുവരും എന്ന് വിഷ്ണു അവരെ ഉപദേശിച്ചു. അതിൻപ്രകാരം അവർ പാലാഴി കടയുവാൻ തയ്യാറെടുത്തു.പാലാഴികടയുമ്പോൾ പങ്കാളികളാകാൻ അസുരന്മാർ സമ്മതിച്ചു. മന്ദര പർവ്വതത്തെ കടകോലാക്കുവാൻ തീരുമാനിക്കുകയും അതിനായി പർവ്വതം അടർത്തിക്കൊണ്ടുവരികയും ചെയ്തു. വാസുകി എന്ന മഹാസർപ്പത്തെയാണ് കടക്കോൽ ചുറ്റിപ്പിടിക്കുന്നതിനുള്ള കയറായി ഉപയോഗിച്ചത്.

പാലാഴിയുടെ ഇരുപുറവും നിന്ന് ദേവകളും അസുരന്മാരും പാൽക്കടൽ കടഞ്ഞുതുടങ്ങി. മന്ദരപർവ്വതത്തെ താങ്ങാൻ വാസുകിക്ക് ശക്തിയില്ലായിരുന്നു. കടച്ചിൽ ഏറെ ആയപ്പോൾ പർവ്വതം ഭാരം മൂലം പാലാഴിയുടെ അടിയിലേക്കു താണു പോയി. എങ്ങനെയും അമൃത് കിട്ടിയേ തീരൂ എന്നു തീരുമാനിച്ചിരുന്ന ദേവകൾ ഭഗവാൻ മഹാവിഷ്ണുവിനെ വീണ്ടും അഭയം പ്രാപിച്ചു. അവരുടെ പ്രാർത്ഥനകളിൽ അലിവു തോന്നിയ വിഷ്ണു തന്റെ രണ്ടാമത്തെ അവതാരമെടുക്കാൻ സമ്മതിച്ചു.

ആമടെ രൂപത്തിൽ അവതരിച്ച് പാൽക്കടൽ നടുവിൽ താണു പോയ പർവ്വതത്തെ ഉയർത്തുവാൻ മഹാവിഷ്ണു തയ്യാറായി. അങ്ങനെ കൂർമ്മത്തിന്റെ പുറത്ത് ഉയർത്തിക്കൊണ്ടുവന്ന മന്ദരപർവ്വതത്തെ വീണ്ടും വാസുകിയെക്കൊണ്ട് ബന്ധിക്കുകയും പാലാഴി കടഞ്ഞെടുക്കുകയും ചെയ്തു. പാലാഴിമഥ നത്തിൽ ആദ്യം വമിച്ചത് ഉഗ്രവിഷമായ കാളകൂടമാണ്. അത് ലോകനന്മക്കുവേണ്ടി ഭഗവാൻ ശിവശങ്കരൻ ഭുജിച്ച് കൊണ്ട ൽ തടഞ്ഞു നിർത്തി.
 
കൂർമ്മാവതാരം

അതിനുശേഷം പല വിശിഷ്ട ദിവ്യ വസ്തുക്കളും വന്നു. കാമധേനു, പാരിജാതം, കൗസ്തുഭം,ലക്ഷ്മിദേവി, അവസാനം അമൃതകുംഭവുമായി ധന്വന്തരിയും വന്നു. അമൃത് ഭുജിച്ച് ദേവകൾ ജരാനരകൾ അകറ്റി. പാലാഴി കടഞ്ഞു തീരുവോളം കൂർമ്മാവതാരം മന്ദരപർവ്വതത്തെ താങ്ങിയുയർത്തി പാലാഴിയിൽ നിലനിർത്തി. പാലാഴിമഥനം കഴിഞ്ഞപ്പോൾ അവതാരം പൂർത്തിയാക്കി വിഷ്ണു വീണ്ടും യോഗനിദ്രയിലായി..

Share this

0 Comment to "കൂർമ്മാവതാരം"

Post a Comment