Friday 19 May 2023

മത്സ്യാവതാരം| Dhashavathara story malayalam

 മത്സ്യാവതാരം 

spiritual stories malayalam,puranakadhakal,mahavishnu stories,malsyavatharam,

അതിഭയങ്കരമായ ഒരു യുദ്ധമായിരുന്നു അത്. ശുക്രാചാര്യരുടെ ആശ്രമത്തിൽ എലികളെപ്പോലെ ഒളിച്ചു കഴിയുന്ന അസുരന്മാരെ മുഴുവൻ യമപുരിയിലയക്കുവാനാണ് ദേവ സൈന്യം ദുന്ദുഭിയും ഭേരിയും മുഴക്കി പുറപ്പെട്ടത്. വിജയ പ്രതീക്ഷകൊണ്ടു മദംകൊണ്ട് ദേവന്മാർക്ക് ഇപ്പോഴിതാ പരാജയത്തിന്റെ കയ്പുനീർ. അതും കേവല ഒരു സ്ത്രീയുടെ ശക്തികൊണ്ട്! ശിരസ്സുകൾ പൊട്ടിത്തെറിച്ച് ആർത്തനാദത്തോടെ നിലംപതിക്കുന്ന ദേവസൈനികരെക്കണ്ട് മഹാവിഷ്ണു ദുഃഖിതനായി.

ആ കബന്ധങ്ങളുടെ വിചിത്ര ഞെരുക്കങ്ങളിൽ തന്റെ നേരെയുള്ള ശാപവചനങ്ങളില്ലേ? വെറും ഒരു സ്ത്രീയുടെ പ്രതിരോധത്തിനുമുമ്പിൽ ജഗത്കാരണനായ മഹാവിഷ്ണു പരാജയപ്പെടുകയോ? ആത്മാഭിമാനത്തിനു മുറിവേറ്റ മഹാവിഷ്ണു തന്റെ ചക്രായുധത്തെ ധ്യാനിച്ചു. സൂര്യതേജസ്സോടെ ചക്രായുധം ഭഗവാന്റെ ചൂണ്ടാണിവിരലിൽ പ്രത്യക്ഷപ്പെട്ടു. മഹാവിഷ്ണു ധ്യാനനിമഗ്നമായ അടുത്ത ക്ഷണത്തിൽ സുദർശനചക്രം ശത്രുവിന്റെ തലയറുത്തെറിഞ്ഞ് തിരിച്ചുവന്നു.

ആദ്യത്തെ സ്ത്രീവധം! ഇതുകണ്ട് ഈരേഴുലോകവും ഞെട്ടിത്തരിച്ചു. വധിക്കപ്പെട്ടത് വെറും സ്ത്രീയല്ല, വൃദ്ധമാതാവ് ശുക്രാചാര്യരുടെ തപോവൃദ്ധയായ അമ്മ!. മകന്റെ ശിഷ്യന്മാരെ സംരക്ഷിക്കുകമാത്രമാണ് ആ അമ്മ ചെയ്തത്.അതും ആയുധം കൊണ്ടല്ല. ആയുധവുമായി അലറിയടുത്ത ദേവസൈന്യത്തെ തപോബലം കൊണ്ടാണ് ആ അ അമ്മ നേരിട്ടത്. മഹാവിഷ്ണുവിന്റെ സുദർശനം തന്നെപ്പോലെ ഒരു വൃദ്ധതാപസിയെത്തേടിവരുമെന്ന് ആ സന്യാസിനി കരുതിയിരുന്നതേയില്ല. ശുക്രാചാര്യരുടെ ആശ്രമത്തിലുണ്ടായിരുന്ന ഭൃഗുമഹർഷി ഈ അറുംകൊലകണ്ട് കോപാക്രാന്തനായി. മഹാവിഷ്ണു വൈകുണ്ഡം വിട്ട് ഭൂമിയിൽ വന്ന് അവതാരങ്ങളെടുക്കട്ടെ എന്ന് അദ്ദേഹം ശപിച്ചു. സ്ത്രീ വധത്തിനുള്ള ശിക്ഷ! ശാപം ഫലിച്ചു. മഹാവിഷ്ണു പല അവതാരങ്ങളും എടുത്തു-ദശാവതാരങ്ങൾ.

വിശ്വരക്ഷക്കായുള്ള വിഷ്ണുവിന്റെ ത്യാഗമാണ് ഓരോ അവതാരവും. എല്ലാ അവതാരങ്ങളുടെയും ലക്ഷ്യം ദുഷ്ടസംഹാരവും ശിഷ്ടരക്ഷയുമാണ്. അതുകൊണ്ടുതന്നെ ദുഷ്ട ശക്തിയുമായുള്ള ഉഗ്രപോരാട്ടങ്ങൾ ഒരോ അവതാരത്തിലും ഉണ്ടായിട്ടുണ്ട്. ജഗത് നിയതാവായ ഭഗവാൻ ഇങ്ങനെ ദുഷ്ടശക്തികളെ നശിപ്പിക്കുവാൻ അവതരിക്കേണ്ടി വന്നത് ധർമ്മസംസ്ഥാപനത്തിനായിരുന്നു. എങ്കിലും അതിനുപിന്നിൽ തുടക്കത്തിൽ പറഞ്ഞ സ്ത്രീവധശാപവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ യോഗനിദ്രയിൽ നിന്ന് പച്ചയായ ലോക ജീവിതത്തിലേക്കുള്ള ഓരോ അവതാരവും വേദനാജനകമായിരുന്നു.

ഓരോ അവതാരം കഴിയുംതോറും ഭഗവാന്റെ ത്യാഗങ്ങളുടെ അളവ് കൂടിക്കൂടി വന്നു. കോപവും വധവുംപോലെ അഹങ്കാരവും ഈശ്വരന്മാരിൽ നിന്നു തുടങ്ങുന്നു. സൃഷ്ടിസ്ഥിതിസംഹാര കർത്താക്കളായ ത്രിമൂർത്തികൾ ഏകമായ പരബ്രഹ്മത്തിന്റെ മൂന്നു ഭാവങ്ങളായിരുന്നു. എങ്കിലും അവർ "ആരാണ് വലിയവൻ' എന്നു നിരന്തരം തർക്കിച്ചുകൊണ്ടിരുന്നു. വലിയവനാര് എന്ന് ഒരിക്കൽ ബ്രഹ്മാവും വിഷ്ണുവും തർക്കിച്ച് കലഹമുണ്ടായി. രണ്ടുപേരുടെയും വാദപ്രതിവാദം വളരെയധികമായപ്പോൾ അവരുടെ മധ്യത്തിൽ അനന്തമായ ഒരു ശിവലിംഗം പ്രത്യക്ഷപ്പെടുകയും ഇതിന്റെ അറ്റം ആദ്യം കണ്ടു പിടിക്കുന്നയാൾ ലോകനാഥൻ എന്ന് അശരീരി ഉണ്ടാവുകയും ചെയ്തു. ശിവലിംഗത്തിന്റെ അഗ്രം കണ്ടെത്തുന്നതിനായി ബ്രഹ്മാവും വിഷ്ണുവും ഉടൻ മുകളിലേക്കും താഴേയ്ക്കും യാത്രയായി. ഈ യാത്ര ബ്രഹ്മാവിന്റെ അഹന്തയ്ക്കുള്ള ശിക്ഷയുടെ നിത്യസ്മാരകമായിത്തീർന്നു.

മുകളിലേക്കു സഞ്ചരിച്ച ബ്രഹ്മാവിന് ഇടയ്ക്കുവെച്ച് താഴേ പതിക്കുന്ന ഒരു കൈതപ്പൂവിതൾ കിട്ടി. യാത്ര മതിയാക്കി പൂവിതളുമായി മടങ്ങിയ ബ്രഹ്മാവ് വിഷ്ണുവിനെ കണ്ടെത്തി. അതുകാട്ടികൊടുത്തു പറഞ്ഞു, ഞാൻ ശിവലിംഗത്തിന്റെ അഗ്രത്തുനിന്നും എടുത്തതാണിത്, ഞാൻ വിജയിച്ചിരിക്കുന്നു ഞാനാണ് ലോകനാഥൻ”. ബ്രഹ്മാവിന്റെ ഈ വാക്കുകൾ മഹാവിഷ്ണു വിശ്വസിച്ചില്ല. അദ്ദേഹം ശിവനെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തി സത്യം അന്വേഷിച്ചു. ബ്രഹ്മാവ് നുണ പറഞ്ഞെന്നറിഞ്ഞ ശിവൻ അദ്ദേഹത്തിന്റെ ഒരു തല പറിച്ചെടുത്തു കളഞ്ഞു. ഇങ്ങനെ പറിച്ചെടുത്ത ബ്രഹ്മാവിന്റെ തലയോടാണ് ശിവൻ പിന്നീടു തന്റെ ഭിക്ഷാപാത്രമായി ഉപയോഗിച്ചത്. നാലുതലകളിൽ ഒന്നുപോയ ബ്രഹ്മാവിന് അധികം താമസിയാതെ കൈതപ്പൂവിന്റെ ഗതിയും വന്നു.

ആരും ഇനി മേലിൽ പൂജിക്കാതെ പോകട്ടെ എന്നൊരു ശാപവും ശിവനിൽ നിന്ന് അദ്ദേഹത്തിനു കിട്ടി. കളവിനു കൂട്ടുനിന്ന കൈതപ്പൂവ് പൂജാപുഷ്പങ്ങളുടെ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടു. ശിവനെ തപസ്സുചെയ്ത് ആദ്യം പ്രസാദിപ്പിക്കാനുള്ള ബ്രഹ്മ- വിഷ്ണു മത്സരമാണ് ഇക്കുറി വിനയായത്. ശിവൻ രണ്ടുപേർക്കും ഒരുപോലെ ദർശനം നൽകി. ബ്രഹ്മാവ് ആദ്യം വരം ചോദിച്ചു. “അങ്ങ് എന്റെ പുത്രനായി ജനിക്കണം', ഉടൻ വന്നു വിഷ്ണുവിന്റെ ചോദ്യം, "അങ്ങയുടെ പാദസേവകനാകാൻ എനിക്കു വരം തരണം അതുകേട്ട് പരമശിവൻ ബ്രഹ്മാവിനു ശാപവും വിഷ്ണുവിനു വരവും കൊടുത്തു. നേത്രയുഗത്തിൽ രാവണന് അസ്ത്രം നൽകി അനുഗ്രഹിച്ചും മേഘനാദന് ഇന്ദ്രജിത്ത്' എന്ന നാമം നൽകിയും ബ്രഹ്മാവ് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത്രയും കൊണ്ട് സൃഷ്ടിയുടെ മൂർത്തി നിസ്സാരനെന്നോ കുഴപ്പക്കാരനെന്നോ നാം കരുതരുത്. ജഗത്തിന്റെ നിർമ്മാണകർത്താവാണദ്ദേഹം. പ്രപഞ്ചമൂലമായ വേദങ്ങൾ രചിച്ചതും ബ്രഹ്മാവുതന്നെയെന്നു പറയപ്പെടുന്നു.
spiritual stories malayalam,puranakadhakal,mahavishnu stories,malsyavatharam,

യാഗങ്ങൾ ചെയ്യുന്നതിനുള്ള വിധികൾ എന്ന രീതിയിലാണ് അദ്ദേഹം വേദരചന നടത്തിയത്. വേദങ്ങളെ നാലായി വിഭജിക്കുക മാത്രമാണ് ദ്വാപരയുഗത്തിൽ ജനിച്ച് വ്യാസമുനി ചെയ്തത് എന്നു പുരാണങ്ങൾ പറയുന്നു. പ്രപഞ്ച സൃഷ്ടിക്കുള്ള മൂല ഗ്രന്ഥമായി ബ്രഹ്മാവു കരുതിവെച്ചിരുന്ന വേദങ്ങൾ ഒരിക്കൽ മോഷ്ടിക്കപ്പെട്ടുവത്രെ! ഇതാണ് മത്സ്യാവതാരഹേതുവായി പറയപ്പെടുന്നത്. ഹയഗ്രീവൻ എന്ന അസുര രാജാവായിരുന്നു ബ്രഹ്മാവിന്റെ കൈകളിൽ നിന്നും വേദരഹസ്യങ്ങൾ അപഹരിച്ചു കടന്നുകളഞ്ഞത്. ദേവകളെ കീഴടക്കി ലോകവിജയം വരിക്കുന്നതിന് അതിഭയങ്കരമായ തപസ്സിലൂടെ നേടിയ അത്ഭുതക്തിയുമായി വന്നാണ് ഹയഗ്രീവൻ ബ്രഹ്മാവിനെ വിഡ്ഢിയാക്കിയത്.
അയാൾ അപഹരിച്ച് വേദങ്ങളുമായി സമുദ്രത്തിന്റെ അടിത്തട്ടിൽ പോയി ഒളിച്ചിരിക്കുകയും ചെയ്തു. ഇതോടെ അറിവിന്റെ വെളിച്ചം അസ്തമിക്കുകയും യാഗകർമ്മങ്ങളും ബ്രഹ്മസൃഷ്ടികൾപോലും മുടങ്ങുകയും ചെയ്തു. പ്രപഞ്ചത്തിന്റെ താളം നിലച്ചതോടെ ദേവകളും മുനികളും അങ്കലാപ്പിലായി. അവർ കൂട്ടമായി മഹാവിഷ്ണുവിന്റെ തിരുമുമ്പിലെത്തി. എന്നാൽ ഭഗവാൻ യോഗനിദ്രയിലായിരുന്നു. ഭഗവാനെ യോഗനിദ്രയിൽ നിന്നുണർത്തി വിവരം ധരിപ്പിക്കുവാൻ ബ്രഹ്മാവും ശിവനും അവരെ ഉപദേശിച്ചു. തിരുവരങ്ങത്തെ പാണനാർ കടുന്തുടിയുമായെത്തി ഭഗവാന്റെ നാമ സങ്കീർത്തനങ്ങൾ പാടി. സുദീർഘമായ പ്രാർത്ഥനയുടെയൊടുവിൽ മഹാവിഷ്ണു തന്റെ യോഗനിദ്രവിട്ടുണർന്നു.

വേദങ്ങൾ ഹയഗ്രീവൻ മോഷ്ടിച്ചുകൊണ്ടുപോയ കഥ കേട്ട് ഭഗവാൻ മത്സ്യമായി അവതരിച്ച് ലോകരക്ഷനടത്തുമെന്ന് അരുളി ചെയ്തു. മുനിദേവാദികളോടു പറഞ്ഞതനുസരിച്ച് ഭഗവാൻ മത്സ്യാവതാരമെടുത്തു. മഹാവിഷ്ണുവിന്റെ ഭക്തപ്രിയനായിരുന്ന സത്യവ്രതമനു ബദരിനദിയിൽ തർപ്പണം ചെയ്തുകൊണ്ടിരിക്കുമ്പോൾ കൈക്കുമ്പിളിൽ കോരിയെടുത്ത വെള്ളത്തിൽ ഒരു ചെറുമത്സ്യം കുടുങ്ങി. തനിക്കു വലിയ മത്സ്യങ്ങളെ ഭയമാണെന്നും അതിനാൽ തന്നെ ആ നദിയിൽ ഉപേക്ഷിക്കരുതെന്നും ആ മത്സ്യം കേണപേക്ഷിച്ചു. ഇതു കേട്ട് രാജാവ് ആ മത്സ്യത്തെ തന്റെ കമണ്ഡലുവിൽ ഇട്ട് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. പിറ്റേ ദിവസം രാജാവ് മത്സ്യത്തെ കണ്ട് ഞെട്ടിപ്പോയി.ഒറ്റ ദിവസം കൊണ്ട് ആ ചെറുമത്സ്യം വലിയ മത്സ്യമായി തീർന്നിരിക്കുന്നു. ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്ന ആ മത്സ്യത്തെ രാജാവ് കുളത്തിലും പിന്നീട് തടാകത്തിലും, അവിടെയും കിടക്കാനാവാതെ വന്നപ്പോൾ സമുദ്രത്തിലേക്കും മാറ്റി. ഇതിൽ നിന്ന് സത്യവ്രതമനു രാജാവിന് ആ മത്സ്യം സാധാരണ മത്സ്യമല്ലെന്നും മഹാവിഷ്ണു തന്നെയാണെന്നും മനസ്സിലായി. മഹാവിഷ്ണുവിന്റെ അരുളപ്പാടനുസരിച്ച് ഭൂമിയിൽ മഹാപ്രളയമുണ്ടായി.

ആ പ്രളയത്തിൽ സത്യവ്രതമനുവും പേടകത്തിൽ കയറി രക്ഷപ്പെട്ടു. സത്യവ്രതമനുവിനെ സഹായിക്കാൻ വാസുകിയെയും സ്പതർഷികളെയും മഹാവിഷ്ണു അയച്ചിരുന്നു. മഹാപ്രളയത്തിന്റെ അലതല്ലലിൽ സമുദ്രം ഇളകി മറിഞ്ഞു. ഭീമാകാരമായ ആ മത്സ്യം ആഴിയുടെ അഗാധതയിലേക്ക് ഊളയിട്ടു. ആഴിയുടെ അടിത്തട്ടിൽ വേദങ്ങളുമായി ഒളിച്ചിരുന്ന അസുര രാജാവായ ഹയഗ്രീവനെ മത്സ്യാവതാരം കണ്ടെത്തി. കടലിന്റെ അടിയിൽ അതിഭയങ്കരമായ യുദ്ധം നടന്നു.

ഒടുവിൽ അസുര രാജാവായ ഹയഗ്രീവനെ വധിച്ച് മത്സ്യാവതാരം വേദങ്ങളെ വീണ്ടെടുത്ത് ആഴിയുടെ മുകൾപ്പരപ്പിലേവന്നു. ജഗത് കാരണനായ ഭഗവാന്റെ അപദാനങ്ങൾ വാഴ്ത്തി മുനിദേവജനം ഭഗവാനെ സ്വാഗതം ചെയ്തു. അങ്ങനെ ബ്രഹ്മാവിനു വീണ്ടും വേദങ്ങൾ ലഭിക്കുകയും അദ്ദേഹം സൃഷ്ടികർമ്മങ്ങളിൽ മുഴുകുകയും ചെയ്തു. പ്രളയത്തിനുശേഷം മനുവും സ്പതർഷികളും ഓരോ ജോടി ജീവജാലങ്ങളും ഭൂമിയിൽ അവശേഷിച്ചു.

മത്സ്യാവതാരലക്ഷ്യം പൂർണ്ണമായതോടെ ഭഗവാൻ വീണ്ടും മൂലരൂപത്തിൽ ലയിക്കുകയും അനന്തനാഗപ്പുറത്ത് യോഗനിദ്രയിലാവുകയും ചെയ്തു. വേദം അറിവാണ്. ആദിമമായ അറിവ്, ജഗത്കാരണമായ ബ്രഹ്മാത്മ തത്വത്തെയാണ് വേദങ്ങൾ പ്രതിനിധീകരിക്കുന്നത്. മറഞ്ഞുപോയ അറിവിനെ ലോകത്തിനു നൽകാനാണ് പ്രഥമാവതാരമുണ്ടായത് എന്നത് ആലോചനാമൃതമാണ്. ഭഗവത് അവതാരങ്ങളുടെ ക്രമവും അർത്ഥവും എത്രയെത്ര തലങ്ങളിലാണ് വ്യാപിച്ചു നിൽക്കുന്നത്..

Share this

0 Comment to "മത്സ്യാവതാരം| Dhashavathara story malayalam"

Post a Comment