ആമയും രാജകുമാരനും
വളരെക്കാലം മുമ്പ് ഒരിടത്ത് പ്രതാപശാലിയായൊരു സുൽത്താനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്മാരാണ് അലി, മുഹമ്മദ്,ഹുസൈൻ എന്നിവർ മൂന്നുപേരും ധീരന്മാരായ പോരാളികൾ.
സൗന്ദര്യത്തിലും ധീരതയിലും ഔദാര്യത്തിലും മികച്ചു നിന്നത് ഏറ്റവും ഇളയ പുത്രൻ മുഹമ്മദാണ്. പിതാവ് പുത്രന്മാർ മൂവരെയും ഒരുപോലെ സ്നേഹിച്ചു. തന്റെ രാജ്യവും സമ്പത്തും മൂന്നുപേർക്കും തുല്യമായി വീതിക്കണമെന്നു നിശ്ചയിച്ചു. മക്കൾക്കു വിവാഹപ്രായമായപ്പോൾ സുൽത്താൻ പണ്ഡിതനായ തന്റെ മന്ത്രിയെ വിളിച്ച് ഉപദേശമാരാഞ്ഞു. മന്ത്രി അല്പനേരം ആലോചിച്ചിട്ടു പറഞ്ഞു: “മഹാരാജാവേ, ചിന്താക്കുഴപ്പമുണ്ടാക്കുന്ന പ്രശ്നമാണിത്. നന്മയും തിന്മയുമൊന്നും മുൻകൂട്ടി കാണാൻ സാധ്യമല്ല.
മട്ടുപ്പാവിൽ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും നോക്കിനിൽക്കെ രാജകുമാരന്മാരുടെ കണ്ണുകൾ മൂടിക്കെട്ടി ചുറ്റിക്കറങ്ങിയിട്ട് അമ്പു തൊടുക്കാൻ പറഞ്ഞു. മൂത്തപുത്രൻ അലി തൊടുത്ത അമ്പ് ധനാഢ്യനായൊരു പ്രഭുവിന്റെ വീട്ടിലാണു ചെന്നുവീണത്. രണ്ടാമത്തെ മകൻ ഹുസൈൻ അയച്ച അമ്പ് സൈന്യാധിപന്റെ ഭവനത്തിൽ ചെന്നു പതിച്ചു. മൂന്നാമത്തെ മകൻ മുഹമ്മദ് അമ്പയച്ചപ്പോൾ ആരുടേതെന്നറിയാത്ത ഒരു കൊച്ചു വീടിന്റെ കൂരയിൽ ചെന്നു തറച്ചു.
രാജാവും പരിവാരങ്ങളും ആ വീടുകൾ സന്ദർശിച്ചു. പ്രഭുവിനും സൈന്യാധിപനും പൂർണചന്ദ്രനു തുല്യം സൗന്ദര്യമുള്ള പുത്രിമാരുണ്ടായിരുന്നു. അവർ സന്തോഷത്തോടെ രാജകുമാരന്മാരെ ജാമാതാക്കളായി സ്വീകരിച്ചു. മൂന്നാമത്തെ കൊച്ചുകൂരയിൽ മനുഷ്യരാരും ഉണ്ടായിരുന്നില്ല. ഒരു വലിയ ആമ മാത്രമാണവിടെ പാർത്തിരുന്നത്. ആമയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും വയ്യല്ലോ.
സുൽത്താൻ മകനെ കൂട്ടിക്കൊണ്ടു കൊട്ടാരത്തിലേക്കു മടങ്ങി. ഒരു തവണകൂടി അമ്പെയ്യാൻ പറഞ്ഞു. രണ്ടാമതും അതേ വീട്ടിലാണ് അമ്പു ചെന്നു വീണത്. സുൽത്താനു ദേഷ്യം വന്നു: “നീ ഭാഗ്യം കെട്ടവനാണ്. ഏതായാലും അല്ലാഹുവിനെ വിചാരിച്ച് ഒരുവട്ടം കൂടി ശ്രമിച്ചുനോക്ക്” എന്നു പറഞ്ഞു. പക്ഷേ, മൂന്നാമതും അമ്പ് അതേ വീട്ടിൽ ചെന്നു വീണു. “വിധി ഇപ്പോൾ ആമയ്ക്കനുകൂലമാണ്. രാജകുമാരൻ അവിവാഹിതനായിത്തന്നെ കഴിയട്ടെ” എന്നു തീരുമാനിച്ചു രാജാവു പറഞ്ഞു: “മോനേ, ആമ നമ്മുടെ കുലത്തിലോ വംശത്തിലോ ജാതിയിലോ മതത്തിലോ ഉൾപ്പെട്ടതല്ല. അതുകൊണ്ടു നീ അവിവാഹിതനായി കഴിഞ്ഞാൽ മതി. അപ്പോൾ മുഹമ്മദ് പറഞ്ഞു
“അച്ഛാ, ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ആമയെ ഭാര്യയാക്കണമെന്നാണെന്റെ വിധി. “ആമയെ മനുഷ്യൻ വിവാഹം കഴിക്കാറുണ്ടോ? അതു മ്ലേച്ഛമല്ലേ?” “എനിക്കും ആമകളോടു താല്പര്യമൊന്നുമില്ല. പക്ഷേ, ഈ ആമയെ ഞാൻ വിവാഹം കഴിക്കാം."പുത്രനെ അളവറ്റു സ്നേഹിച്ചിരുന്ന പിതാവു തടസ്സം പറഞ്ഞില്ല. അലിയുടെയും ഹുസൈന്റെയും വിവാഹം ആർഭാടപൂർവം നടന്നു. മുഹമ്മദിൻറ വിവാഹത്തിനു സഹോദരന്മാരോ അവരുടെ ഭാര്യമാരോ ബന്ധുക്കളോ പങ്കെടുത്തില്ല. കേട്ടവരെല്ലാം അവനെ പരിഹസിച്ചതേയുള്ളു. ഏതായാലും വിവാഹശേഷം എന്തു നടന്നെന്ന് മുഹമ്മദ് ആരോടും പറഞ്ഞില്ല.
രാജ്യഭരണത്തിന്റെ ക്ലേശങ്ങളും ഇളയ പുത്രൻ മുഹമ്മദിന്റെ വിവാഹകാര്യത്തിലുണ്ടായ തകരാറുകളും സുൽത്താന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. മുതുകു വളഞ്ഞ് എല്ലും തോലുമായി. മുഖം വിളറി. വിശപ്പു നശിച്ചു, കാഴ്ചശക്തി കുറഞ്ഞു.പിതാവിനെ അകമഴിഞ്ഞു സ്നേഹിച്ചിരുന്ന പുത്രന്മാർ കൂടിയാലോചിച്ചു. അന്തഃപുരത്തിലെ അന്ധവിശ്വാസജടിലമായ ശുശ്രൂഷകൊണ്ടു ഫലമില്ലെന്നും നല്ല ആഹാരം പാകം ചെയ്തുകൊടുത്താൽ അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാമെന്നും അവർക്കു തോന്നി.
സുൽത്താനെ സന്ദർശിച്ച് ഇനിമേൽ തങ്ങളുടെ ഭാര്യ മാരെക്കൊണ്ട് രുചികരമായ ഭക്ഷണം പാകം ചെയ്തു കൊടുത്തയയ്ക്കാമെന്നു പറഞ്ഞു: “അവർക്കു നന്നായി പാചകം ചെയ്യാനറിയാം. ഓരോരുത്തരും ഓരോ വിഭവം കൊടുത്തയയ്ക്കാം. അച്ഛന് ഇഷ്ടമുള്ളതു കഴിക്കാം. അപ്പോൾ വിശപ്പുണ്ടാകും. വിശപ്പുണ്ടാകുമ്പോൾ ആരോഗ്യവും കാഴ്ചശക്തിയും വീണ്ടുകിട്ടും. “നിങ്ങളുടെ ഇഷ്ടം പോലെ” എന്നു പറഞ്ഞു സുൽത്താൻ പുത്രന്മാരെ സ്നേഹപൂർവം ആശ്ലേഷിച്ചു. മൂന്നുപേരും വീട്ടിൽ ചെന്നു തങ്ങളുടെ ഭാര്യമാരോടു പറഞ്ഞു: “ഏറ്റവും രുചികരമായ ഭക്ഷണം നമ്മളുണ്ടാക്കുന്നതായിരിക്കണം. അലിയും ഹുസൈനും മുഹമ്മദിനോടു ചോദിച്ചു: “ആമയ്ക്കു പാചകം വശമുണ്ടോ?
പരിഹാസം കേട്ട് മുഹമ്മദ് വെറുതേ ചിരിച്ചതേയുള്ളു. പക്ഷേ, അവൻറ ഭാര്യയായ ആമ ഉടനെ ജോലി തുടങ്ങി. തന്റെ വിശ്വസ്തയായ പരിചാരികയെ അലിയുടെ ഭാര്യയുടെ അടുത്തേക്കയച്ചു.യജമാനത്തിക്കു കറിവയ്ക്കാൻ കുറെ എലിക്കാഷ്ഠം വേണമെന്ന് അവൾ ആവശ്യപ്പെട്ടു. ആമ യജമാനത്തി എലിക്കാഷ്ഠം ചേർത്തു കറിവയ്ക്കുന്നതുകൊണ്ടാണു നല്ല സ്വാദ് എന്നും അവൾ പറഞ്ഞു. അലിയുടെ ഭാര്യ വിചാരിച്ചു: “ഓഹോ അങ്ങനെയാണോ? എങ്കിൽ ഇവിടെയുള്ള എലിക്കാഷ്ഠം ഞാൻ ഉപയോഗിക്കും.
ആ മൂശ്ശേട്ടയ്ക്കു കൊടുക്കൂല്ല". അവൾ വേലക്കാരിയോട് ഇങ്ങനെ പറഞ്ഞയച്ചു: “ഇവിടെ എലിക്കാഷ്ഠം വളരെക്കുറച്ചേയുള്ളു. ഞങ്ങളുടെ ആവശ്യത്തിനുപോലും തികയൂല്ല. മറുപടി കേട്ട് ആമ ചിരിച്ചു തലതല്ലി. അടുത്തതായി ഹുസൈന്റെ ഭാര്യയുടെ അടുത്തേക്ക് അവൾ ഭൃത്യയെ അയച്ചു. പലഹാരത്തിൽ ചേർക്കാൻ പ്രാവിൻകാഷ്ഠവും കോഴിക്കാഷ്ഠവും വേണമെന്ന് അവൾ ആവശ്യപ്പെട്ടു. ഹുസൈന്റെ ഭാര്യ പറഞ്ഞു: “അയ്യോ, എനിക്കുപോലും തികയൂല്ല. പിന്നെയല്ലേ മറ്റൊരാൾക്കു കൊടുക്കാൻ. അതു കേട്ട് ആമ ആർത്തു ചിരിച്ചു. മധുരപലഹാരവും ചോറും കറികളുമുണ്ടാക്കി പാത്രത്തിലടച്ച് പനിനീരിൽ മുക്കിയ തുണിയിൽ പൊതിഞ്ഞ് ആമ സുൽത്താനു കൊടുത്തയച്ചു. മറ്റു രണ്ടുപേരും പാകം ചെയ്ത ഭക്ഷണവും അപ്പോഴേക്കും സുൽത്താന്റെ മുന്നിലെത്തി.
ആദ്യം മൂത്ത മരുമകൾ പാകം ചെയ്തതു രുചിച്ചു നോക്കാനുദ്ദേശിച്ചു സുൽത്താൻ പാത്രം തുറന്നു. എലിക്കാഷ്ഠത്തിന്റെ ദുർഗന്ധം മനംമറിപ്പുണ്ടാക്കി. രണ്ടാമത്തെ മരുമകൾ കൊടുത്തയച്ചഭക്ഷണത്തിൽനിന്നു കോഴിക്കാഷ്ഠം കരിഞ്ഞ നാറ്റമുയർന്നു. ബോധക്കേടുണ്ടാകാതിരിക്കാൻ സുൽത്താൻ വളരെ പാടുപെട്ടു. “എന്നെ കൊല്ലാനാണോ ഇവരുടെ ഉദ്ദേശം?” സുൽത്താൻ രോഷത്തോടെ ചോദിച്ചു. അപ്പോൾ ഇളയ മകൻ മുഹമ്മദ് അപേക്ഷിച്ചു:
“അച്ഛാ, എന്റെ ഭാര്യ പാകം ചെയ്തത് ഒന്നു രുചിച്ചു നോക്കണം. “എനിക്കു വേണ്ട. മനുഷ്യർ പാകം ചെയ്തതിങ്ങനെയാണെങ്കിൽ ആമയുടെ കാര്യം പറയാതിരിക്കുന്നതാണു നല്ലത്." എന്നായിരുന്നു സുൽത്താന്റെ മറുപടി. മുഹമ്മദ് വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോൾ സുൽത്താൻ പാത്രം തുറന്നു.അതിൽനിന്നും ഹൃദയഹാരിയായ സുഗന്ധം പുറപ്പെട്ടു. രുചിച്ചു നോക്കിയപ്പോൾ അത്രയും നല്ല ഭക്ഷണം അതിനു മുമ്പു കഴിച്ചിട്ടില്ലെന്നു ബോധ്യമായി.
പാത്രത്തിലുണ്ടായിരുന്നതെല്ലാം അദ്ദേഹം തിന്നു തീർത്തു. കസ്തൂരി ചേർത്ത്,മഞ്ഞുകട്ട പൊടിച്ചു കലക്കിയ സർബത്തു കുടിച്ച് ഏമ്പക്കം വിട്ടെഴുന്നേറ്റ് ആമയുടെ പാചകവൈദഗ്ദ്ധ്യത്തെ പ്രശംസിച്ചു. അന്നുമുതൽ മുഹമ്മദിന്റെ ഭാര്യ പാകം ചെയ്ത ഭക്ഷണം കഴിച്ച് സുൽത്താൻ ആരോഗ്യം വീണ്ടെടുത്തു. കാഴ്ചശക്തി മെച്ചപ്പെട്ടു. ആ അവസരം ആഘോഷിക്കുന്നതിന് സുൽത്താൻ പുത്രന്മാരെയും പുത്രവധുക്കളെയും വിരുന്നിനു ക്ഷണിച്ചു. ഭർതൃസഹോദരന്മാരുടെ ഭാര്യമാരെ പറ്റിക്കാൻ ആ ഒരു സൂത്രം പ്രയോഗിച്ചു. ഒരു വാല്യക്കാരിയെ അലിയുടെ ഭാര്യയുടെ അടുത്തേക്കയച്ച യജമാനത്തിക്കു കൊട്ടാരത്തിൽ പോകാൻ ഒരു വലിയ താറാവു വേണമെന്നാവശ്യപ്പെട്ടു.
നിഷേധാർഥത്തിലുള്ള മറുപടിയാണ് അവിടെനിന്നു കിട്ടിയത്. ഇതേകാരണം പറഞ്ഞ് രണ്ടാമത്തെ നാത്തൂനോട് ഒരു മുട്ടനാടിനെ ആവശ്യപ്പെട്ടെങ്കിലും അവളും ആ ആവശ്യം നിരാകരിച്ചു. ആമയ്ക്ക് സന്തോഷമായി. വിരുന്നിനുള്ള സമയമായി. രാജകുമാരന്മാരുടെ ഭാര്യമാരെ സ്വീകരിക്കാൻ സ്ത്രീകൾ നിരന്നുനിന്നു. അപ്പോൾ ഒരു വലിയ താറാവിന്റെ പുറത്തു കയറി അലിയുടെ ഭാര്യ വരുന്നതു കണ്ട് അവർ അമ്പരന്നു. തൊട്ടു പിന്നാലെ മുട്ടനാടിന്റെ പുറത്ത് ഹുസൈന്റെ ഭാര്യ വന്നു.
ആ കാഴ്ചകൾ കണ്ട് സുൽത്താനും ഭാര്യയും നാണിച്ചു തലതാഴ്ത്തി. “ഒരിക്കൽ ഇവരെനിക്കു വിഷം തന്നു കൊല്ലാൻ നോക്കി. ഇപ്പോഴിതാ അപമാനിക്കാൻ ശ്രമിക്കുന്നു. സുൽത്താൻ ദേഷ്യപ്പെട്ടു.മനുഷ്യസ്ത്രീകൾ ഇങ്ങനെയാകുമ്പോൾ ആമയുടെ വരവെങ്ങനെയാകും എന്നാലോചിച്ച് അച്ഛനമ്മമാർ അമ്പരന്നുനിന്നു. വിരുന്നിന്റെ അന്ന് രാവിലെ “മുഹമ്മദ് രാജകുമാരന്റെ പത്നി എഴുന്നള്ളുന്നു” എന്ന് ദൂതന്മാർ അറിയിച്ചു.
തൊട്ടു പിന്നാലെ അലങ്കരിച്ച് പല്ലക്കു ചുമന്ന് പട്ടുടുപ്പുകൾ ധരിച്ച വാല്യക്കാരെത്തി. അപരിചിതയായൊരു സുന്ദരി പല്ലക്കിൽ നിന്നിറങ്ങി. അവൾ മുഹമ്മദിൻറ ഭാര്യയാണെന്നറിഞ്ഞപ്പോൾ സുൽത്താനുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാൻ വയ്യ.
എല്ലാവരും ഭക്ഷണത്തിനിരുന്നു. മുഹമ്മദിന്റെ ഭാര്യ മുന്നിൽ വിളമ്പിവച്ചിരുന്ന ചോറ് സ്വന്തം തലയിലേക്കിട്ടു. അതെല്ലാം തിളങ്ങുന്ന മുത്തുകളായി താഴേക്കുരുണ്ടു. അടുത്തതായി മറ്റൊരു പാത്രത്തിലിരുന്ന സൂപ്പ് അവൾ സ്വന്തം തലയിലൊഴിച്ചു. അതു മരതകമണികളായി പച്ചമഴപോലെ ചുറ്റും ചിതറിവീണു. ഈ അത്ഭുതദൃശ്യം കണ്ട് കാണികൾ മിഴിച്ചു നിൽക്കെ അലിയുടെയും ഹുസൈന്റെയും ഭാര്യമാർ ഇളയ നാത്തൂനെ അനുകരിച്ച് ചോറും സൂപ്പും കൊണ്ടു തലയിൽ അഭിഷേകം നടത്തി. പക്ഷേ, ചോറു ചോറായും സൂപ്പു സൂപ്പായും ഇരുന്നതേയുള്ളു.
തലയും മുഖവും വസ്ത്രങ്ങളുമെല്ലാം വൃത്തികേടായി. പരിഹാസപാത്രങ്ങളായ അവരെ സുൽത്താൻ ആട്ടിപ്പുറത്താക്കി. സുൽത്താൻ മുഹമ്മദിനെയും ഭാര്യയെയും ആലിംഗനം ചെയ്തു. “നിങ്ങളാണന്റെ കുട്ടികൾ. നിങ്ങളിനി ഈ കൊട്ടാരത്തിൽ താമസിച്ചാൽ മതി” എന്നു നിർദ്ദേശിച്ചു. ഇനിയും ആമയുടെ രൂപം കൈക്കൊള്ളാനുള്ള പ്രേരണയുണ്ടാകരുതെന്നു കരുതി മുഹമ്മദിന്റെ രാഞ്ജി ആമത്തോടു കത്തിച്ചുകളഞ്ഞു. അല്ലാഹു അവർക്ക് അസംഖ്യം കുട്ടികളെ നല്കി. ആഹ്ലാദത്തോടെ അവർ ജീവിതം നയിച്ചു.
very nice story for kids
ReplyDelete