പക്ഷിമൃഗാദികളുടെ ഭാഷ അയാൾക്കു വശമായിരുന്നു.ഒരു കാളയെയും ഒരു കഴുതയെയും അയാൾ വളർത്തി. കാളയെ നിലം ഉഴാൻ ഉപയോഗിച്ചു. കഴുതയെ യാത്രചെയ്യാനും. ഒരു ദിവസം കാള കഴുതയുടെ തൊഴുത്തിനു സമീപം ചെന്നു. വൃത്തിയുള്ള തൊഴുത്തിൽ കഴുത സുഖനിദ്രയിലാണ്. പുൽത്തൊട്ടിയിൽ നിറയെ പാറ്റിപ്പെറുക്കിയ ബാർലിയുണ്ട്. യജമാനൻ അപൂർവമായി യാത്ര പോകുമ്പോൾ മാത്രമേ കഴുതയ്ക്ക് ജോലിയുള്ളു. കാള നെടുവീർപ്പിട്ടു: “ഭാഗ്യവാൻ!”
“സ്നേഹിതാ,
ശബ്ദം കേട്ടു കഴുത കണ്ണു തുറന്നപ്പോൾ കാള പറഞ്ഞു. നിനക്കു തിന്നുകയും ഉറങ്ങുകയും മാത്രമാണല്ലോ ജോലി. ബാർലി തിന്നു വിശ്രമിച്ചാൽ മതി. ഞാനിതാ നുകം ചുമന്ന് എല്ലും തോലുമായി. എന്റെ കഷ്ടകാലംതന്നെ!
അപ്പോൾ കഴുത ഉപദേശിച്ചു. “നീയൊരു കാര്യം ചെയ്യണം, നാളെ നുകത്തിൽ കെട്ടുമ്പോൾ നീനിലത്തു വീഴണം. അടിച്ചാൽഎഴുന്നേല്ക്കരുത്.തൊഴുത്തിൽ കൊണ്ടുവന്നാൽ പുല്ലും വയ്ക്കോലും തൊടരുത്.
ഇങ്ങനെ രണ്ടോ മൂന്നോ ദിവസം തീറ്റി തിന്നാതെയും വെള്ളം കുടിക്കാതെയും രോഗമഭിനയിക്കാമെങ്കിൽ യജമാനൻ നിന്നെക്കൊണ്ട് ജോലി ചെയ്യിക്കുകയില്ല.
തൊഴുത്തിനു പിന്നിൽ നിന്നിരുന്ന യജമാനൻ ഈ സംഭാഷണമെല്ലാം കേട്ടു. അല്പം കഴിഞ്ഞ് പണിക്കാർ വന്നപ്പോൾ കാള രോഗമഭിനയിച്ചു കിടക്കുകയായിരുന്നു. പതിവുപോലെ അതു തീറ്റി തിന്നിരുന്നില്ല. അവർ യജമാനനെ വിവരമറിയിച്ചു:
“ഇന്നു കാളയ്ക്ക് പകരം കഴുതയെ നുകത്തിൽ കെട്ടിയാൽ മതി എന്ന് യജമാനൻ നിർദേശിച്ചു. പകൽ മുഴുവൻ നുകം വലിച്ച് തളർന്ന് കഴുത വൈകുന്നേരം തൊഴുത്തിലെത്തിയപ്പോൾ കാള അവന്റെ ഉപദേശത്തിനു നന്ദി പറഞ്ഞു.
തന്റെ ബുദ്ധിമോശമോർത്ത് പശ്ചാത്തപിച്ച് കഴുത ഒന്നും മിണ്ടിയില്ല. പിറ്റേന്നും കഴുതയെ നുകത്തിൽ പൂട്ടി. അതിന്റെ കഴുത്തിലെ തൊലി പൊട്ടി. അന്നും പണി കഴിഞ്ഞെത്തിയപ്പോൾ കാള സ്നേഹിതനെ പുകഴ്ത്തി. കഴുത പറഞ്ഞു എനിക്കിന്നും ശരിക്കു പണിയുണ്ടായിരുന്നു അതിരിക്കട്ടെ, ഇന്ന് ഞാനൊരു വർത്തമാനം കേട്ടു.
കാളയ്ക്ക് സുഖമില്ലെന്നും രോഗം ഭേദമായില്ലെങ്കിൽ കശാപ്പുകാരന്റെ കൊടുത്ത് തൊലിയുരിച്ചു മേശവിരിയുണ്ടാക്കണമെന്നും യജമാനൻ പറഞ്ഞു. അതു കേട്ട് ഞാനാകെ പേടിച്ചുപോയി. നിന്റെ കാര്യം കഷ്ടമായല്ലോ."
“സ്നേഹിതാ, നീ പറഞ്ഞതു നന്നായി. നാളെ ഞാൻ പാടത്തു പോകും. നന്നായി പണിയെടുക്കും” എന്നു പറഞ്ഞ് കാള പുൽത്തൊട്ടിയിലെ വൈക്കോലും പുല്ലും പെട്ടെന്ന് തിന്നുതീർത്തു. വളർത്തുമൃഗങ്ങളുടെ ഈ സംഭാഷണവും യജമാനൻ കേൾക്കുന്നുണ്ടായിരുന്നു .
അല്പം കഴിഞ്ഞ് കൃഷിക്കാരൻ ഭാര്യയോടൊത്ത് കാളയുടെ തൊഴുത്തിനു സമീപത്തുകൂടെ നടന്നുപോയി. കാള യജമാനനെ കണ്ടു തുള്ളിച്ചാടാൻ തുടങ്ങി.
കൃഷിക്കാരൻ അതു കണ്ടു പൊട്ടിച്ചിരിച്ചുപോയി. “എന്തു കണ്ടിട്ടാണ് ചിരിക്കുന്നത്?” ഭാര്യ ചോദിച്ചു.
“ഓ, ഒന്നുമില്ല” എന്നായി ഭർത്താവ്. “എന്താ, എന്നോടു പറഞ്ഞുകൂടെ?"
പറഞ്ഞുകൂടാ. മറ്റൊരാളോട് പറയാൻ പാടില്ല. പറഞ്ഞാൽ ഞാൻ മരിച്ചുപോകുമെന്നൊരു ശാപമുണ്ട്. "അങ്ങനെയങ്ങു മരിക്കുന്നെങ്കിൽ മരിക്കട്ടെ. എനിക്കു നിങ്ങളുടെ ചിരിയുടെ കാര്യം അറിഞ്ഞേ പറ്റൂ.
“പറയാൻ സാദ്ധ്യമല്ല. എനിക്കു മരിക്കാൻ ഭയമാണ്. “വെറുതെ കള്ളം പറയണ്ട. നിങ്ങൾ എന്നെ കളിയാക്കി ചിരിച്ചതാണ് " വഴക്കു മൂത്തു. എന്തു വന്നാലും ഭാര്യ പിന്മാറുകയില്ലെന്നു കണ്ടപ്പോൾ കൃഷിക്കാരൻ മക്കളെയെല്ലാം അടുത്തുവിളിച്ചു.
മരണപത്രം എഴുതുന്നതിനു സാക്ഷികളെ വരുത്താൻ ആളയച്ചു. തന്റെ മുറപ്പെണ്ണും മക്കളുടെ അമ്മയുമായ ഭാര്യയോട് അയാൾക്കു സ്നേഹമായിരുന്നു. ബന്ധുമിത്രാദികളെയും നാട്ടുപ്രമാണിമാരെയും വിളിച്ചുവരുത്തി അയാൾ വിവരമറിയിച്ചു.
രഹസ്യം പുറത്തു പറഞ്ഞാൽ മരിച്ചുപോകുമെന്ന് ശാപമുണ്ടെന്ന് കേട്ടപ്പോൾ അവരെല്ലാം കൃഷിക്കാരന്റെ ഭാര്യയെ ഉപദേശിച്ചു. “അയാൾ നിന്റെ ഭർത്താവല്ലേ?
അയാൾക്കെന്തെങ്കിലും സംഭവിച്ചാൽ നിന്റെ കുട്ടികൾ അനാഥരാവില്ലേ? നീ വിധവയാവില്ലേ? വാശി ഉപേക്ഷിക്കുന്നതല്ലേ നല്ലത്?
പക്ഷേ, ഭാര്യ വഴങ്ങിയില്ല. “ചാകുന്നെങ്കിൽ ചാകട്ടെ. ഞാനറിയാത്ത ഒരു രഹസ്യവും എന്റെ ഭർത്താവിനു വേണ്ട. ഭർത്താവ് അവസാനത്തെ പ്രാർത്ഥനയ്ക്കു മുമ്പു കൈകാലുകൾ ശുചിയാക്കാൻ പുഴയുടെ തീരത്തേക്ക് പോയി. കോഴിക്കൂടിനടുത്തുകൂടെയാണ് അയാൾ പോയത്.
ആ കൂട്ടിൽ ഒരു പൂവൻകോഴിയും അൻപത് പിടക്കോഴികളുമുണ്ടായിരുന്നു. കൂട്ടിനു പുറത്തുനിന്ന് തന്റെ നായ് പൂവൻ കോഴിയെ ശകാരിക്കുന്നത് കൃഷിക്കാരൻ കേട്ടു. “നമ്മുടെ യജമാനൻ മരിക്കാൻ പോകുന്നു;
നീയിവിടെ ബഹളമുണ്ടാക്കുന്നു. ലജ്ജയില്ലേ നിനക്ക്? എന്താണ് കാരണമെന്നറിയാത്ത പൂവൻകോഴി നായ് പറഞ്ഞ കഥ കേട്ട് പൊട്ടിച്ചിരിച്ചു. “അതു നന്നായി എന്റെ യജമാനന് ഇത്ര ബുദ്ധിയില്ലാതായല്ലോ ഞാനിതാ അൻപതു ഭാര്യമാരെ കൊണ്ടു നടക്കുന്നു.
അദ്ദേഹത്തിന് ഒരേയൊരു പെണ്ണിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലപോലും മൾബറിയുടെ കമ്പു മുറിച്ച് നല്ല പെട കൊടുക്കണം. “എനിക്കൊരു രഹസ്യവും കേൾക്കണ്ട' എന്നു നിലവിളിക്കുന്നത് അപ്പോൾ കേൾക്കാം.
പൂവൻകോഴി പറഞ്ഞതു കേട്ട് കൃഷിക്കാരൻ ഒരുറച്ച തീരുമാനത്തിലെത്തി. തോട്ടത്തിലെ മൾബറിച്ചെടിയിൽ നിന്നും ബലമുള്ള കമ്പുകൾ മുറിച്ചെടുത്ത് അയാൾ വീട്ടിലെത്തി ഭാര്യയെ മുറിയിലേക്ക് വിളിച്ചു.
വാതിലടച്ചിട്ട് “നിനക്ക് രഹസ്യം കേട്ടേ തീരൂ, അല്ലേ?” എന്നു ചോദിച്ചുകൊണ്ട് പ്രഹരം തുടങ്ങി. ഭാര്യ അടികൊണ്ട് കുഴഞ്ഞുവീണു. “എനിക്കൊരു രഹസ്യവും കേൾക്കണ്ടേ . എന്നെ കൊല്ലല്ലേ"
എന്നവൾ കരഞ്ഞു. അവൾ പശ്ചാത്തപിച്ചതു കണ്ട് ബന്ധുക്കളും നാട്ടുകാരും ആശ്വാസത്തോടെ പിരിഞ്ഞുപോയി. ആ ഭാര്യാഭർത്താക്കന്മാർ പിന്നീടൊരിക്കലും പിണങ്ങിയിട്ടേയില്ല.
0 Comment to "കാളയും കഴുതയും കർഷകനും | Bull, Donkey and a farmer | Malayalam classical bedtime story"
Post a Comment