Tuesday, 16 May 2023

വിധിയും പ്രത്യാശയും | Destiny and Hope

  

kutti kathakal malayalam, malayalam purana kathakal,balakadhakal,

ഒരിക്കൽ പരമശിവനും ശ്രീപാർവതിയും യാത്ര ചെയ്യുകയായിരുന്നു. വരണ്ടുണങ്ങിയ ഒരു ഭൂവിഭാഗം യാത്രയ്ക്കിടയിൽ പാർവതിയുടെ കണ്ണിൽപ്പെട്ടു. അവിടെ മഴ പെയ്തിട്ട് വർഷങ്ങളായിരുന്നു.
പച്ചപ്പിന്റെ ഒരു നാമ്പുപോലും അവിടെയെങ്ങുമുണ്ടായിരുന്നില്ല.
“കഷ്ടം തന്നെ. പണ്ടിവിടം വളരെ മനോഹരമായിരുന്നല്ലോ.എന്താണിവിടം ഇങ്ങനെ വരണ്ടുണങ്ങിപ്പോയത്?” പാർവതി ശിവനോടു ചോദിച്ചു.
“ലോകം അങ്ങനെയാണ് പ്രിയേ. അതു മാറിക്കൊണ്ടിരിക്കും.
അതിനെക്കുറിച്ച് സംസാരിച്ച് നമ്മൾ സമയം കളയേണ്ട ആവശ്യമില്ല,
വരൂ.” ശിവൻ യാത്രതുടരാൻ തുനിഞ്ഞു. പക്ഷേ, പാർവതി സമ്മതിച്ചില്ല.
“ഇല്ല. ഈ ഗ്രാമത്തിന്റേയും അതിലെ താമസക്കാരുടേയും ഭാവി അറിഞ്ഞിട്ടേ ഞാനിവിടുന്നു നീങ്ങുന്നുള്ളൂ. പാർവതി അവിടെത്തന്നെ അനങ്ങാതെ നിന്നു.
ശിവൻ പുഞ്ചിരിയോടെ പറഞ്ഞു:
“ഈ ഗ്രാമം ഇനിയും പന്ത്രണ്ടു വർഷം കടുത്ത വേനലിൽ വരണ്ടുണങ്ങും. ഇവിടെ ജീവിക്കുന്നവർ പട്ടിണി കിടന്നു മരിക്കും.മരിക്കാത്തവർ നരകയാതന അനുഭവിക്കും.പാർവതി ചെവിപൊത്തി.

“എനിക്കിതു കേൾക്കാൻ വയ്യാ, നാഥാ.. എന്തിനാണ് അവരെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്?. അങ്ങയുടെ കൈയിലെ കുഴൽ ഒന്നു ഊതിക്കൂടെ? അങ്ങനെ മഴ പെയ്യിച്ചാൽ അവരുടെ കഷ്ടപ്പാട് അവസാനിക്കില്ലേ?
“ഇല്ല പ്രിയേ. ഈ ഗ്രാമത്തിന് പന്ത്രണ്ടു വർഷം ദുരിതമനുഭവിക്കാൻ ഒരു വിധിയുണ്ട്. പരമശിവൻ പറഞ്ഞു.
അപ്പോൾ, വരണ്ട ഭൂമിയിലൂടെ ഏതോ ഒരു ജീവി നീങ്ങുന്നതു പാർവതി കണ്ടു.
“അതെന്താണ്?” പാർവതി ചോദിച്ചു.
“അതൊരു കർഷകനാണ്. അയാൾ പാടം ഉഴുകുകയാണ്.പരമശിവൻ പറഞ്ഞു.
“മഴയില്ലാത്ത ഈ സമയത്ത് എന്തിനാണ് അയാൾ പാടം ഉഴുകുന്നത്?
“ഈ സമയത്ത് പാടം ഉഴുകുന്നതുകൊണ്ട് യാതൊരു കാര്യവുമില്ലെന്ന് അയാൾക്കറിയാം. പക്ഷേ, പ്രത്യാശ അയാൾ കൈവിട്ടിട്ടില്ല.
ഉടൻ ഒരു മഴപെയ്യുമെന്നും മഴപെയ്താൽ വിത്തു വിതയ്ക്കാമെന്നുമാണ് അയാളുടെ പ്രതീക്ഷ. ആ പ്രതീക്ഷയാണ് അയാളെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്.
പാർവതിക്ക് സങ്കടം സഹിക്കാനായില്ല. എങ്കിലും അത് പുറത്തു കാട്ടിയില്ല.

“പന്ത്രണ്ടു വർഷം അങ്ങ് അങ്ങയുടെ കുഴൽ ഊതാതിരുന്നാൽ കുഴലൂത്തുതന്നെ അങ്ങ് മറന്നുപോകില്ലേ...? കുഴൽ ഊതുന്നത്

മറക്കാതിരിക്കാൻ അത് ഇടയ്ക്കൊന്ന് ഊതിക്കൂടെ?' പാർവതി ചോദിച്ചു.
ശിവൻ പുഞ്ചിരിയോടെ തന്റെ കുഴൽ എടുത്ത് ചുണ്ടോടു ചേർത്ത്

ഊതി. പെട്ടെന്ന് ആകാശത്ത് കാർമേഘം നിറഞ്ഞു. ഇടി വെട്ടി. മഴ പെയ്തു. വരണ്ട ഭൂമി നനഞ്ഞു. വിത്തുകൾ മുളപൊട്ടി. എങ്ങും പച്ചപ്പു നിറഞ്ഞു. ഗ്രാമീണർ സന്തോഷത്തോടെ കൃഷിയിലേർപ്പെട്ടു.
പരമശിവനെ പറ്റിച്ച് കുസൃതി നിറഞ്ഞ ചിരിയോടെ പാർവതി ചോദിച്ചു:

“ഈ ഗ്രാമം പന്ത്രണ്ടു വർഷം വരൾച്ചയുടെ പിടിയിലായിരിക്കുമെന്നാണല്ലോ അങ്ങ് പറഞ്ഞത്. എന്നിട്ടെന്തു സംഭവിച്ചു?

“പാർവതി, മനുഷ്യന്റെ വിധി ആർക്കും നിശ്ചയിക്കാനാവില്ല.പ്രത്യാശയുടെ പ്രഭ കെടാതിരുന്നാൽ അതു ഈശ്വരനിയോഗം പോലെ മാറിക്കൊണ്ടിരിക്കും. ഇവിടെയും സംഭവിച്ചത് അതാണ്."

അവന്റെ പ്രത്യാശയുടെ മുന്നിൽ വിധിപോലും മാറി മറിഞ്ഞത് നീ കണ്ടില്ലേ? പരമശിവൻ പറഞ്ഞു.


Share this

0 Comment to "വിധിയും പ്രത്യാശയും | Destiny and Hope "

Post a Comment