Tuesday 16 May 2023

അച്ഛന്റെ ഉപദേശം!! | father's advice!!

 

bestmalayalamkathakal,best malayalam kathakal,best malayalam kadhakal

ഒരു വ്യാപാരിക്ക് സൽസ്വഭാവിയായ ഒരു മകനുണ്ടായിരുന്നു.ബായു എന്നായിരുന്നു അവന്റെ പേര്. പക്ഷേ, വ്യാപാരി പ്രതീക്ഷിച്ചതുപോലെ വകതിരിവോടുകൂടി കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തി ബായുവിനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്റെ കാലശേഷം മകൻ കഷ്ടപ്പെടാതിരിക്കാൻ ചില ഉപദേശങ്ങൾ അവന് കൊടുക്കുവാൻ വ്യാപാരി തീരുമാനിച്ചു.
“ബായു , എനിക്കു വയസ്സായി. എപ്പോൾ വേണമെങ്കിലും ഞാൻ മരിച്ചുപോകാം. അതുകൊണ്ട് ഞാൻ പറയുന്ന മൂന്നു കാര്യങ്ങൾ നീ ശ്രദ്ധിച്ചുകേട്ട് അത് തെറ്റാതെ പാലിക്കണം. വ്യാപാരി മകനോട് പറഞ്ഞു.

“പറയൂ അച്ഛാ. അങ്ങു പറയുന്നതെന്തും ഞാൻ അനുസരിക്കാം.”
ബായു പറഞ്ഞു.
“എന്റെ കാലശേഷം ഒരിക്കലും നീ വെയിലത്ത് കടയിലേക്കു പോകുകയോ, കടയിൽ നിന്ന് വീട്ടിലേക്കു വരികയോ ചെയ്യരുത്.വ്യാപാരി ഒന്നാമത്തെ ഉപദേശം നല്കി.
“ശരി അച്ഛാ.
ബായു സമ്മതിച്ചു.
“എന്നും അരിയാഹാരം മാത്രമേ കഴിക്കാവൂ. മൂന്നാമത്തെ ഉപദേശം
ഇതാണ്. നീ എല്ലാ ആഴ്ചയും പുതിയ വധുവിനെ കല്യാണം കഴിക്കണം.
മകൻ സമ്മതിച്ചു. പക്ഷേ, അവന്റെ സംശയം മാറിയില്ല.
“അച്ഛാ, ഈ മൂന്നു ഉപദേശങ്ങളും തെറ്റിക്കാതെ ഞാൻ പാലിക്കാം.
പക്ഷേ, ഇതെങ്ങനെയാണ് എനിക്ക് ഉപയോഗപ്രദമാകുക?”
“അതു സമയമാകുമ്പോൾ നിനക്കു മനസ്സിലാകും. വ്യാപാരി പറഞ്ഞു.
കുറച്ചു നാളുകൾക്കു ശേഷം വ്യാപാരി മരിച്ചു.
വ്യാപാരം ബായുവിന്റെ നിയന്ത്രണത്തിലായി. അവൻ അച്ഛനു കൊടുത്ത വാക്ക് കടുകിട വ്യത്യാസം വരാതെ പാലിക്കാൻ തീരുമാനിച്ചു.

ബായു ആദ്യം ചെയ്തത് തന്റെ വീടു മുതൽ കട വരെയുള്ള വഴിയിൽ പന്തലിടുകയായിരുന്നു. അതു കണ്ട് ആൾക്കാർ അവനെ കളിയാക്കി.
പക്ഷേ, അവൻ അതൊന്നും കേട്ടതായി ഭാവിച്ചില്ല. മാത്രമല്ല, അന്നു മുതൽ തന്റെ ഭക്ഷണം അരിയാഹാരം മാത്രമായി ഒതുക്കാനും തീരുമാനിച്ചു.

പക്ഷേ, അച്ഛന്റെ മൂന്നാമത്തെ ഉപദേശം നടപ്പിലാക്കാൻ മാത്രം അവനു കഴിഞ്ഞില്ല. ഒരാഴ്ചത്തേക്കു മാത്രം ബായുവിന്റെ ഭാര്യയായി ജീവിക്കാൻ ഒരു പെൺകുട്ടിയും തയ്യാറായില്ല.
അതുകൊണ്ട് അവന്റെ വിവാഹം നീണ്ടു നീണ്ടുപോയി. അവൻ നഗരത്തിൽ എല്ലാവർക്കും ഒരു പരിഹാസപാത്രവും ആയി.

ആ നാട്ടിൽ മിറിയം എന്നൊരു ബുദ്ധിമതിയായ പെൺകുട്ടി ഉണ്ടായിരുന്നു. അവൾ ബായുവിന്റെ പ്രതിജ്ഞയെക്കുറിച്ചു കേൾക്കാനിടയായി. അവൾക്ക് ബായുവിനോട് സഹതാപം തോന്നി.
മാത്രമല്ല, തന്റെ അച്ഛനു കൊടുത്ത വാക്ക് പാലിക്കാനുള്ള ബായുവിന്റെ ത്യാഗം അവളിൽ മതിപ്പുണ്ടാക്കുകയും ചെയ്തു. അവൾക്ക് ബായുവിനെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നു തോന്നി. അക്കാര്യം അവൾ വീട്ടിൽ പറഞ്ഞു. അതു കേട്ട് മിറിയത്തിന്റെ അച്ഛനും അമ്മയും അമ്പരന്നു.
“അവനുമായുള്ള കല്യാണം ഒരാഴ്ച മാത്രമേ നീണ്ടുനിൽക്കൂ .
അതു കഴിഞ്ഞാൽ നീ എന്തു ചെയ്യും?” അച്ഛനും അമ്മയും അവളോടു ചോദിച്ചു.
“അങ്ങനെയൊന്നും ഉണ്ടാകില്ല. അതെനിക്കുറപ്പാണ്. മിറിയം താമസിയാതെ കല്യാണാലോചന നടന്നു. ബായു മിറിയത്തെ വന്നു കണ്ടു. അവളുടെ സൗന്ദര്യം ബായുവിനെ വല്ലാതെ ആകർഷിച്ചു.
ബായു അവളോട് താൻ അച്ഛനു കൊടുത്ത ആ വാഗ്ദാനത്തെക്കുറിച്ചു പറയാൻ തുടങ്ങി.
“പറയണ്ട. അതറിഞ്ഞിട്ടുതന്നെയാണ് ഞാൻ കല്യാണത്തിന് മുൻകൈ എടുത്തത്.” മിറിയം പറഞ്ഞു. പിന്നെ വൈകിയില്ല. അവരുടെ കല്യാണം ആർഭാടപൂർവം നടന്നു.

ഒരാഴ്ച പെട്ടെന്നു കടന്നുപോയി. ഏഴാം നാൾ രാവിലെ ബായു വളരെ വിഷമത്തോടെയാണ് ഉറക്കമുണർന്നത്. അയാൾ മിറിയത്തോട് സങ്കടത്തോടെ പറഞ്ഞു:

“എനിക്കു നിന്നെ പിരിയാൻ സത്യത്തിൽ പ്രയാസമുണ്ട്. പക്ഷേ,ഞാൻ എന്റെ അച്ഛനു കൊടുത്ത വാക്ക് പാലിച്ചല്ലേ പറ്റൂ..."

“നിങ്ങൾ ഒരു തിരുമണ്ടൻ തന്നെയാണ്. നിങ്ങളുടെ അച്ഛൻ ഒരു ബുദ്ധിമാനായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ നിങ്ങൾ പരിഹാസ്യനാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?”

“നീയെന്താണു പറയുന്നത്? അദ്ദേഹത്തിന്റെ വിചിത്രമായ ഉപദേശങ്ങളുടെ അർഥമെന്താണ്?

“അദ്ദേഹം കടയിലേക്ക് വെയിലത്തു പോകരുതെന്നു പറഞ്ഞതിന്റെ അർഥം, വളരെ നേരത്തെ കടയിൽ എത്തണമെന്നും പണിയെല്ലാം പൂർത്തിയാക്കി വൈകുന്നേരം മാത്രമേ വീട്ടിലേക്കു തിരിച്ചു പോകാവൂ എന്നുമാണ്. അല്ലാതെ, വെയിലുകൊള്ളാതെ പന്തലിട്ട് അതിനടിയിലൂടെ നടക്കണമെന്നല്ല. എങ്കിൽ കുടപിടിച്ചു നടക്കണമെന്ന്
അദ്ദേഹം പറയുമായിരുന്നല്ലോ?” അവൾ ചോദിച്ചു.
“അപ്പോൾ രണ്ടാമത്തെ ഉപദേശത്തിന്റെ അർഥം?
“അരി മാത്രം തിന്നണമെന്നു പറഞ്ഞത് ധാരാളിത്തം കാണിക്കരുതെന്ന് സൂചിപ്പിക്കാനാണ്.
“അപ്പോൾ മൂന്നാമത്തെ ഉപദേശമോ?”

“അതുകൊണ്ട് നിങ്ങളുടെ അച്ഛൻ ഉദ്ദേശിച്ചത്. ഭാര്യയുമായി എപ്പോഴും സ്നേഹത്തോടെ ഇടപെടണമെന്നാണ്. കല്യാണം കഴിഞ്ഞ സമയത്തുള്ള സ്നേഹവും പരിഗണനയും എപ്പോഴും ഭാര്യയോടു കാണിച്ചാൽ അവളുടെ പുതുമ ഒരിക്കലും കുറയുകയുമില്ല. അവളെന്നും നവവധുവിനെപ്പോലെയിരിക്കും.
ഭാര്യയുടെ പക്വതയും അറിവും കണ്ട് ബായു അമ്പരന്നുപോയി. അവളുടെ ഉപദേശം ബായുവിനെ പുതിയൊരാളാക്കി മാറ്റി. അവർ തുടർന്നുള്ള കാലം സന്തോഷത്തോടെ ജീവിച്ചു.

Share this

0 Comment to "അച്ഛന്റെ ഉപദേശം!! | father's advice!!"

Post a Comment