Thursday 18 May 2023

വിചിത്രമായ പാചകം | Strange cooking


kathakal malayalam, best malayalam kathakal,kutti kathakal,kunjikkadhakal

ഒരു സന്ധ്യയ്ക്ക് വീർബലും, അക്ബർ ചക്രവർത്തിയും കുറേ സേവകന്മാരും അരമനയ്ക്ക് തൊട്ടടുത്തുള്ള ഉദ്യാനത്തിൽ ഓരോന്നു സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്നു.

“പ്രഭോ! പണക്കാരനാവാൻ വേണ്ടി ഒരു മനുഷ്യൻ എന്തു ത്യാഗവും സഹിക്കാൻ തയ്യാറാകും” ഒരു സന്ദർഭത്തിൽ വീർബൽ തന്റെ അഭിപ്രായം തട്ടിവിട്ടു. “ഒരിക്കലുമില്ല." അക്ബർ വീർബലിന്റെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് തുടർന്നു."

ഈ തണുപ്പുള്ള തടാകത്തിലെ ജലത്തിൽ ധനാഗ്രഹിയായ ഒരാൾക്ക് ഒരു രാത്രി മുഴുവൻ നിൽക്കുവാൻ സാധിക്കുമോ? ഒരിക്കലുമില്ല. അഥവാ നില്ക്കാൻ തയ്യാറാവുന്നവർ സൂര്യോദയത്തിനു മുമ്പുതന്നെ തണുത്തു വിറച്ച് മരിയ്ക്കും. സംശയമില്ല." അങ്ങനെ ചക്രവർത്തിയുടെ പ്രതികരണമറിഞ്ഞ വീർബൽ പറഞ്ഞു: “പ്രഭോ! അങ്ങനെ വെള്ളത്തിൽ നിൽക്കുവാൻ ഒരുങ്ങുന്നവന്റെ ആഗ്രഹം പണക്കാരനാവണമെന്നതാണല്ലോ? ആ ആഗ്രഹം ഒന്നുമാത്രം അവന് ഏതൊരു മരം കോച്ചും തണുപ്പത്തും ചൂടു കൊടുക്കും.

“വീർബലിന് അതു തെളിയിച്ചു തരാമോ?”ചക്രവർത്തിയുടെ ചോദ്യത്തിന് വീർ ബൽ സമ്മതം മൂളി. അടുത്ത ദിവസം തന്നെ ദൽഹി നഗരത്തിലെ ഒരു തെരുവിൽ നിന്ന് പണക്കൊlതിയനായ ഒരു മനുഷ്യനേയും കൂട്ടി വീർബൽ ചക്രവർത്തിയുടെ മുന്നിലെത്തി. വീർബൽ കൊണ്ടുവന്ന ആ മനുഷ്യനോട് തോട്ടത്തിലെ തടാകത്തിൽ ഇന്നു രാത്രി മുഴുവൻ നിനക്കു നിൽക്കുവാൻ കഴിയുമെങ്കിൽ ഞാൻ നിന്നെ ഒരു പണക്കാരനാക്കാം. എന്താ നിനക്കു സമ്മതമാണോ? അയാൾ സമ്മതിച്ചു.


സൂര്യനസ്തമിച്ചതോടെ പണക്കൊതിയനായ ആ മനുഷ്യൻ തടാകത്തിലിറങ്ങി നിൽപായി. തന്റെ പണക്കൊതി ഒന്നുകൊണ്ടു മാത്രം ശൈത്യകാലത്തെ കൊടും തണുപ്പുള്ള രാത്രി മുഴുവൻ വെള്ളത്തിൽ നിൽക്കുക എന്ന പ്രയാസമേറിയ കൃത്യം അയാൾ നിർവ്വഹിച്ചു.നേരം പുലർന്നു. തടാകത്തിന്റെ തീരത്ത് കാവലിരുന്ന രാജഭൃത്യന്മാർ അയാളെ ചക്രവർത്തിയുടെ മുന്നിൽ ഹാജരാക്കി. ജീവനോടെ തൻറ മുന്നിൽ ഹാജരാക്കപ്പെട്ട പണക്കൊതിയനെ കണ്ട് അക്ബർ അദ്ഭുതപ്പെട്ടു.

അദ്ദേഹം ചോദിച്ചു. “നീ എങ്ങനെയാണ് കഴിഞ്ഞ രാത്രി മുഴുവൻ ആ തടാകത്തിൽ കഴിച്ചു കൂട്ടിയത്?" “തിരുമേനി, അടിയൻ മാളിക മുകളിൽ കത്തിക്കൊണ്ടിരുന്ന ദീപവും നോക്കി അങ്ങനെ നിന്നു. അതിനാൽ അടിയന് തീരെ തണുപ്പനുഭവപ്പെട്ടില്ല. അയാളുടെ മറുപടി കേട്ട ഒരു സേവകൻ ഉടൻ തന്നെ അക്ബറോടു അഭിപ്രായപ്പെട്ടു. “തിരുമേനി, തടാകത്തിലെ ജലത്തിലെ തണുപ്പിൽ നിന്നും രക്ഷപ്പെടാനുള്ള ചൂട് ഇയാൾക്ക് മാളിക മുകളിൽ കത്തിക്കൊണ്ടിരുന്ന ദീപത്തിൽ നിന്ന് കിട്ടിയിരിക്കണം. അതുകൊണ്ട് ഇയാളെ ഒരിക്കലും അങ്ങ് പണക്കാരനാക്കരുത്.

സേവകന്റെ അഭിപ്രായം ശരിവച്ചു അക്ബർ ചക്രവർത്തി പാവം പണക്കൊതിയനെ വെറും കൈയോടെ തിരിച്ചയച്ചു. അയാൾക്കുണ്ടായ സങ്കടത്തിനതിരില്ലായിരുന്നു. ചക്രവർത്തി നടത്തിയ പരീക്ഷണത്തിൽ ജീവൻ പണയം വച്ച് വിജയം വരിച്ച ആ പാവത്തിനെ വെറും കൈയോടെ തിരിച്ചയച്ച വിവരം വീർബൽ അറിഞ്ഞു. ഉടൻ തന്നെ തടാകത്തിന്റെ തീരത്തെത്തിയ വീർബൽ വളരെ ഉയരത്തിൽ ഒരേ വലുപ്പത്തിലുള്ള മൂന്നു കാലുകൾ നാട്ടി. അടുപ്പിനു മുകളിൽ വയ്ക്കുന്നതുപോലെ ആ മരക്കാലുകൾക്കു ഒരു പാത്രം വച്ചു. ആ പാത്രത്തിൽ കുറച്ചു വെള്ളവും പരിപ്പും ആക്കിയ ശേഷം വീർബൽ തറയിൽ അല്പം തീയിട്ട് കത്തിക്കാൻ തുടങ്ങി.

മുകളിൽ വീർബലിന്റെ വിചിത്രമായ പാചകവാർത്ത ചക്രവർത്തിയുടെ ചെവിയിലുമെത്തി. അദ്ദേഹം വീർബലിന്റെ ഭ്രാന്തു കാണുവാൻ തടാക തീരത്തെത്തി. വീർബൽ അപ്പോഴും വളരെ ഉയരത്തിൽ നാട്ടിയ കാലുകൾക്കു മുകളിൽ പാത്രം വച്ച് തറയിൽ വളരെ കുറച്ച് തീ മാത്രം കത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. “വീർബൽ, താനെന്തൊരു വിഡ്ഢിത്തമാണ് കാണിക്കുന്നത്? ചക്രവർത്തിയുടെ ചോദ്യം കേട്ടവീർബൽ പറഞ്ഞു. "പ്രഭോ! അടിയൻ കിച്ചടി ഉണ്ടാക്കുകയാണ് “ഇങ്ങനെ തീ കത്തിക്കുന്നതുകൊണ്ട് കിച്ചടി തയ്യാറാവുമോ? "എന്തുകൊണ്ട് തയ്യാറാവില്ല. ആ വടികൾക്കു മുകളിൽ പാത്രത്തിൽ വെള്ളവും പരിപ്പും അടിയിൽ തീയും ഉണ്ടല്ലോ. “കഷ്ടം! തറയിലെ തീയിന്റെ ചൂട് വളരെ ഉയരത്തിൽ വച്ചിരിക്കുന്ന പാത്രത്തിൽ കിട്ടുമോ? ചക്രവർത്തിയുടെ ചോദ്യത്തിന് വീർബൽ പറഞ്ഞ മറുപടി നോക്കൂ.

“പ്രഭോ! മാളികയ്ക്കു മുകളിൽ കത്തുന്ന ഒരു വിളക്കിൽ നിന്ന് കിട്ടുന്ന ചൂട് കൊടും തണുപ്പിൽ തടാകത്തിലെ വെള്ളത്തിൽ നില്ക്കുന്ന ഒരാൾക്ക് കുളിരിൽ നിന്നും രക്ഷകിട്ടുവാൻ മതിയാകുമെങ്കിൽ ഈ ചൂടുകൊണ്ട് കിച്ചടിയും പാകമാവില്ലേ ? വീർബലിന്റെ മറുപടി കേട്ട് ചക്രവർത്തിക്ക് അപ്പോഴാണ് താൻ ചെയ്യ അപരാധത്തെക്കുറിച്ച് ബോദ്ധ്യമായത്. അദ്ദേഹം ഉടൻ തന്നെ ആ പണക്കൊതിയനെ വരുത്തിച്ച് ധാരാളം പണം കൊടുത്ത് സന്തോഷിപ്പിച്ചയച്ചു. അങ്ങനെ വീർബലിന്റെ വിചിത്രമായ പാചകം കൊണ്ട് ആ മനുഷ്യന് നീതി കിട്ടി. അയാൾ പണക്കാരനായി.

Share this

0 Comment to "വിചിത്രമായ പാചകം | Strange cooking"

Post a Comment