Thursday, 18 May 2023

കഴുത | Donkey |Malayalam funny story for kids

 ആരെയും വിശ്വസിക്കുന്ന ചില ശുദ്ധാത്മാക്കളുണ്ടല്ലോ. അങ്ങനെയൊരാൾ ഒരു കഴുതയെ വിൽക്കാൻ പോവുകയായിരുന്നു. കഴുതയുടെ കഴുത്തിൽ ഒരു കയറിട്ടുപിടിച്ചുകൊണ്ട് അയാൾ മുന്നിൽ നടന്നു. കഴുത പിന്നാലെയും.
കഴുത | Donkey |Malayalam funny story for kids


ബുദ്ധിമാനായ ഒരു കള്ളൻ അതു കണ്ടു. “ഞാൻ ഈ കഴുതയെ മോഷ്ടിക്കും.'' അവൻ കൂട്ടുകാരനോട് പറഞ്ഞു. “ഉടമസ്ഥൻ അടുത്തുണ്ടല്ലോ.'' എന്നായി കൂട്ടുകാരൻ. “നീ നോക്കിക്കോ” എന്നു പറഞ്ഞ് അവൻ പുറകെ ചെന്ന് ഉടമസനറിയാതെ കഴുതയുടെ കയർ അഴിച്ചെടുത്ത് കഴുതയെ കൂട്ടുകാരനെ ഏൽപിച്ചു കൊണ്ടു കടന്നുകളയാൻ നിർദ്ദേശിച്ചു.

എന്നിട്ട് കയർ സ്വന്തം കഴുത്തിൽ കെട്ടി കുറേ ദൂരം ചെന്നു. സ്നേഹിതൻ കഴുതയുമായി അപ്രത്യക്ഷമായെന്നറിഞ്ഞപ്പോൾ കള്ളൻ കയർ പിന്നിലേക്ക് വലിച്ചു. ഉടമസ്ഥൻ ശക്തിയായി വലിച്ചുകൊണ്ട് നടക്കാൻ തുടങ്ങി. കഴുത അനങ്ങുന്നില്ല. അയാൾ ദേഷ്യപ്പെട്ടു തിരിഞ്ഞുനോക്കിയപ്പോൾ കഴുതയുടെ സ്ഥാനത്ത് ഒരു മനുഷ്യൻ. അവന്റെ കണ്ണുകളിൽ ദയനീയഭാവം. “നീ ആര്? എങ്ങനെ ഇവിടെ വന്നു?'' ഉടമസ്ഥൻ ചോദിച്ചു. കളളക്കണ്ണീരൊഴുക്കി തസ്ക്കരൻ പറഞ്ഞു: “യജമാനേ, ഞാൻ അങ്ങയുടെ കഴുതയാണ്. വളരെ വിചിത്രമാണ് എന്റെ കഥ. കുട്ടിക്കാലത്ത് ഞാൻ ഒരു കൊള്ളരുതാത്തവനായിരുന്നു.

എല്ലാ ദുശ്ശീലങ്ങളുടെയും വിളനിലമായിരുന്നു. ഒരിക്കൽ മദ്യപിച്ച് വീട്ടിലെത്തിയപ്പോൾ അമ്മ എന്നെ കണ്ടമാനം ശകാരിച്ചു. ഞാൻ അമ്മയെത്തല്ലി. “നീ കഴുതയായിപ്പോട്ടെ' എന്ന് അമ്മ എന്നെ ശപിച്ചു. അങ്ങനെ ഞാൻ കഴുതയായിത്തീർന്നു. അങ്ങന്നെ ചന്തയിൽ നിന്നും വിലയ്ക്കു വാങ്ങി. ഞാൻ ചുമടെടുത്തു തളർന്നു. അതെന്നെ ക്രൂരമായി മർദ്ദിച്ചു. നടക്കാൻ വയ്യാതായപ്പോൾ ആണികൊണ്ട് പൃഷ്ഠത്തിൽ കുത്തി, തെറികൊണ്ടഭിഷേകം ചെയ്തു. സംസാരിക്കാൻ വയ്യാത്തതുകൊണ്ട് ഞാനെല്ലാം നിശ്ശബ്ദം സഹിച്ചു. സങ്കടം കരഞ്ഞുതീർത്തു. ഒടുവിൽ അമ്മയ്ക്ക് അനുകമ്പ തോന്നി ശാപമോക്ഷം നൽകിയിരിക്കും.

അങ്ങനെ എനിക്ക് സ്വന്തം രൂപം വീണ്ടുകിട്ടി. അത് കേട്ട് ഉടമസ്ഥന് ദുഃഖമായി: “ഞാനിതൊന്നും അറിഞ്ഞില്ലല്ലോ. എന്നോടു ക്ഷമിക്കു സ്നേഹിതാ. എല്ലാം വിധിയാണെന്ന് സമാധാനിക്കൂ.'' എന്നു പറഞ്ഞ് അയാളെ മോചിപ്പിച്ച് ആശ്വാസവാക്കുകൾ പറഞ്ഞു യാത്രയാക്കി. മനുഷ്യക്കഴുതയോടുള്ള തന്റെ ക്രൂരമായ പെരുമാറ്റത്തെക്കുറിച്ചോർത്ത് അന്നു രാത്രി അയാൾക്കുറക്കം വന്നില്ല. കുറച്ചുദിവസം കഴിഞ്ഞ് അയാൾ മറെറാരു കഴുതയെ വാങ്ങാൻ ചന്തയിൽ പോയി. അപ്പോഴതാ പഴയ കഴുത കഴുതയുടെ രൂപത്തിൽ നിൽക്കുന്നു. ഒരാൾ അതിനെ വിൽക്കാൻ കൊണ്ടുവന്നതാണ്.

കഴുത | Donkey |Malayalam funny story for kids
ഉടമസ്ഥനെ കണ്ട് വാലുയർത്തി തലയാട്ടി ചെവി താഴ്ത്തി അതു സന്തോഷം പ്രകടിപ്പിച്ചു. അയാൾ അടുത്ത് ചെന്ന് കഴുതയുടെ ചെവിയിൽ പറഞ്ഞു:

“താൻ വീണ്ടും അമ്മയെ തല്ലി അല്ലേ? വേണ്ട, ഇനി നിന്നെ എനിക്ക് വേണ്ട. എത്ര കുറഞ്ഞ വിലയ്ക്ക് കിട്ടിയാലും നിന്നെ ഞാൻ വാങ്ങുന്ന പ്രശ്നമേയില്ല.

Share this

0 Comment to "കഴുത | Donkey |Malayalam funny story for kids"

Post a Comment