ഒരു പട്ടണത്തിൽ നദുകൻ എന്നു പേരായ ഒരു കച്ചവടക്കാരനുണ്ടായിരുന്നു. കച്ചവടം പൊളിഞ്ഞപ്പോൾ അയാൾ നാടുവിടാൻ തീർച്ചയാക്കി. ഇത്രയും കാലം മാന്യനായി ജീവിച്ച നാട്ടിൽ ദരിദ്രനായി എങ്ങനെ ജീവിക്കും.
അയാളുടെ വീട്ടിൽ ഇരുമ്പുകൊണ്ടുണ്ടാക്കിയ ഒരു വലിയ തുലാസ്സിന്റെ തണ്ടുണ്ടായിരുന്നു. പൂർവ്വികരിൽ നിന്ന് കിട്ടിയ അതിനെ ലക്ഷ്മണൻ എന്ന് പേരായ ഒരു കച്ചവടക്കാരന് പണയം കൊടുത്തിട്ടാണ് അയാൾ നാടുവിട്ടത്.
നാടായ നാടെല്ലാം ചുറ്റി അയാൾ കുറച്ചു പണവുമായി തിരിച്ചുവന്നു. ലക്ഷ്മണനോട് താൻ പണയം വെച്ച തുലാസിന്റെ തണ്ട് മടക്കിത്തരുവാൻ പറഞ്ഞു. അപ്പോൾ ലക്ഷ്മണന്റെ മറുപടി ഇതായിരുന്നു: 'അല്ലയൊ, നദുകാ! ആ തുലാസ്സിന്റെ തണ്ടെല്ലാം ചുണ്ടെലി തിന്നുപോയി.' ഇതുകേട്ടപ്പോൾ നദുകൻ പറഞ്ഞു: “ലക്ഷ്മണാ ചുണ്ടെലി തിന്നതിന് തന്നെ കുറ്റം പറയാൻ പാടില്ല. അതാണ് ഇന്നത്തെ ജീവിതം. എന്തു സംഭവിച്ചുകൂടാ എന്ന് ആർക്കും പറയാനാവില്ല. ദയവായി ഒരുപകാരം ചെയ്യൂ. ഞാൻ പുഴയിലേക്ക് കുളിക്കാൻ പോകയാണ്. തന്റെ മകനെ എന്റെ സഹായത്തിനൊന്നയച്ചുതരാമോ?
കുറ്റബോധം തോന്നിയ ലക്ഷ്മണൻ സമ്മതിച്ചു. മകനെ പുഴയിലേക്കു നദുകന്റെ സഹായത്തിനയച്ചു കൊടുത്തു. ലക്ഷ്മണന്റെ മകനും നദുകനും കൂടി പുഴയിലേക്കു കുളിക്കാൻ പോയി. കുളികഴിഞ്ഞശേഷം നദുകൻ ലക്ഷ്മണന്റെ മകനെ അടുത്തുള്ള കുന്നിൻ ചെരുവിലെ ഒരു ഗുഹയിലാക്കി. പുറത്തേക്കുള്ള ദ്വാരം ഒരു പാറകൊണ്ട് മൂടി നദുകൻ ലക്ഷ്മണന്റെ വീട്ടിലേക്കു മടങ്ങി. മകനെ കാണാതെ പരിഭ്രാന്തനായ ലക്ഷ്മണൻ നദുകനോട് ചോദിച്ചു: “നദുകാ തന്റെ കൂടെയല്ലേ ഞാൻ എന്റെ മകനെ അയച്ചത്? അവനെവിടെ?'
നദുകൻ പറഞ്ഞു: “ലക്ഷ്മണാ! ശരിയാണ്. പക്ഷേ, അവൻ പുഴക്കരയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കഴുകൻ റാഞ്ചിക്കൊണ്ടുപോയി! "നദുകാ! ഇത് പൊളിയാണ്. ഒരു കഴുകൻ എങ്ങനെ എന്റെ മകനെപ്പോലുള്ള ഒരു വലിയ കുട്ടിയെ റാഞ്ചിക്കൊണ്ടുപോകും. ഇത് ശുദ്ധനുണയാണ്. ലക്ഷ്മണൻ ഹൃദയം പൊട്ടിക്കൊണ്ട് പറഞ്ഞു.
അതിന് നദുകന്റെ മറുപടി ഇതായിരുന്നു. "ഹേ, ലക്ഷ്മണാ! ചുണ്ടെലികൾ ഇരുമ്പു തിന്നുന്ന നാട്ടിൽ കുട്ടികളെ റാഞ്ചിക്കൊണ്ടുപോകുന്ന കഴുകന്മാരും കാണും. ലക്ഷ്മണൻ കൊട്ടാരത്തിൽ പോയി പരാതി പറഞ്ഞു: എന്റെ മകനെ ഈ നദുകൻ തട്ടിക്കൊണ്ടുപോയിരിക്കുന്നു. കോടതിയല്ലാതെ എനിക്ക് രക്ഷയില്ല. ന്യായാധിപൻ നദുകനോട് ലക്ഷ്മണന്റെ മകനെ തിരിച്ചുകൊടുക്കാൻ പറഞ്ഞു. അപ്പോൾ നദുകൻ ന്യായാധിപനോട് ഇങ്ങിനെ ബോധിപ്പിച്ചു. 'മാന്യരെ, ഒരു കഴുകൻ ആ കുട്ടിയെ റാഞ്ചിക്കൊണ്ടു പോകുന്നത് ഞാൻ കണ്ടതാണ്. “ഹെന്ത്? താൻ കളവു പറയുകയാണ്. പതിനഞ്ചു വയസ്സുള്ള ഒരു കുട്ടിയെ ഒരു കഴുകൻ റാഞ്ചിക്കൊണ്ടു പോകുകയോ?'
കോടതി നദുകനെ ചോദ്യം ചെയ്തു. "ബഹുമാന്യരെ ആയിരം പലം തൂക്കമുള്ള ഇരുമ്പുകൊണ്ടുള്ള ഒരു തുലാസ്സിൻ തണ്ട് ഒരു ചുണ്ടെലിക്കു തിന്നാമെങ്കിൽ, ഒരു കഴുകന് ഒരു കുട്ടിയെയല്ല ഒരാനയെത്തന്നെ റാഞ്ചിക്കൊണ്ടുപോകാം. 'എന്താണ് താൻ പറയുന്നത്?' കോടതി അന്വേഷിച്ചു. നദുകൻ ഉണ്ടായ കഥയെല്ലാം പറഞ്ഞു. അതു കേട്ടപ്പോൾ ന്യായാധിപന്മാർ പൊട്ടിച്ചിരിച്ചു. തുലാസ്സിൻ തണ്ട് ലക്ഷ്മണൻ നദുകന് തിരിച്ച് കൊടുത്തു. നദുകൻ ലക്ഷ്മണന്റെ മകനെ തിരിച്ചേൽപ്പിക്കുകയും ചെയ്തു.
കടപ്പാട് : പഞ്ചതന്ത്രകഥകൾ
0 Comment to "ഇരുമ്പു തിന്നുന്ന ചുണ്ടെലി | പഞ്ചതന്ത്രകഥകൾ"
Post a Comment