Wednesday 17 May 2023

പേനും ചെള്ളും | funny malayalam story

  

penum chellum,kathakal malayalam



പണ്ട് പണ്ട് ഒരു രാജാവിന്റെ മനോഹരമായ കിടക്കയുടെ ഒരു കോണിൽ ഒരു തള്ളപ്പേൻ മക്കളും, മക്കളുടെ മക്കളും, അവരുടെ മക്കളുമായി സുഖമായി വസിച്ചിരുന്നു. രാജാവിന്റെ സ്വാദേറിയ രക്തം കുടിച്ച് അവൾ കൊഴുത്തു തടിച്ച് ഒരു സുന്ദരിയായി മാറി. അങ്ങിനെയിരിക്കെ കാറ്റിൽപ്പെട്ട് വഴിതെറ്റിയ ഒരു ചെള്ള് ആ കിടക്കമേൽ വന്നു വീണു. ആ കിടക്ക ഒന്നു ചുറ്റിക്കണ്ടപ്പോൾ ചെള്ളിന് വളരെ സന്തോഷം തോന്നി. എന്തു മാർദ്ദവം! എത്ര വിശാലം! ഗംഗാനദിക്കരയിലെ മനോഹരമായ മണപ്പുറം അവൻ ഓർത്തുപോയി. അവൻ ആ കിടക്കയിൽ ചുറ്റിനടക്കുമ്പോൾ നമ്മുടെ തള്ളപ്പേനിനെ കണ്ടുമുട്ടി. തള്ളപ്പേൻ പറഞ്ഞു: "എടൊ! ഇത് രാജാവിന്റെ കിടക്കയാണ്. വേഗം സ്ഥലം വിടുന്നതാണ് നല്ലത്."വല്ല്യമ്മെ !

 ഒരതിഥിയോട് ഇങ്ങനെ പറയുന്നത് ശരിയാണോ? ഞാൻ പല നാടും കണ്ടിട്ടുണ്ട്. പല രക്തവും കുടിച്ചിട്ടുണ്ട്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദർ ഇവരുടെ രക്തത്തിലെല്ലാം അമ്ളാംശം കൂടുതലാണ്. ആ വഴുപ്പൻ സാധനം എനിക്ക് ഇഷ്ടമില്ല. ഈ കിടക്കയിൽ കിടക്കാൻ വരുന്ന ആളിന്റെ രക്തം വളരെ സ്വാദുള്ളതായിരിക്കും. വിശിഷ്ടങ്ങളായ മരുന്നുകൾ കഴിക്കുന്ന രാജാവിന്റെ രക്തത്തിന് ഔഷധമൂല്യം വളരെ കൂടുതലാണ്. ആ രക്തത്തിന്റെ സ്വാദുനോക്കാൻ ദയവായി എന്നെ അനുവദിക്കണം. ചെള്ള് അപേക്ഷിച്ചു.

“പറ്റില്ല. തന്റെ കൂർത്ത കൊമ്പുകൾ കൊണ്ട് രാജാവിനെ കടിച്ചാൽ അപകടമാണ്. താൻ വേഗം സ്ഥലം വിടണം. അവനവന്റെ നിലയും വിലയും, കഴിവും, കഴിവുകേടും അറിയാത്തവന്റെ പ്രവൃത്തി ആപത്തിൽ ചെന്നവസാനിക്കും. തള്ളപ്പേൻ പറഞ്ഞു. അപ്പോൾ ചെള്ള് അവളുടെ കാലു പിടിച്ച് അപേക്ഷിച്ചു. രാജാവിന്റെ രക്തത്തിന്റെ സ്വാദുനോക്കാൻ ഒരവസരമെങ്കിലും തരണം. ആതിഥ്യമര്യാദ പരിഗണിച്ചും, ചെള്ളിന്റെ അഭ്യർത്ഥനയിൽ മനസ്സലിഞ്ഞും, അവസാനം തള്ളപ്പേൻ സമ്മതിച്ചു. പക്ഷേ താൻ സമയവും സ്ഥലവും നോക്കാതെയങ്ങു ചെന്നു കടിച്ചാൽ ആകെ കുഴപ്പമാവും, സൂക്ഷിക്കണം.' തള്ളപ്പേൻ മുന്നറിയിപ്പു നൽകി.

"ഞാൻ പുതിയ ആളല്ലെ. പറ്റിയ സമയം എപ്പോഴാണെന്നും പറ്റിയ സ്ഥലം ഏതാണെന്നും പറഞ്ഞുതന്നാലും.' ചെള്ള് അപേക്ഷിച്ചു. ‘രാജാവ് മദ്യത്തിന്നടിമപ്പെട്ടിരിക്കുമ്പോഴൊ, അല്ലെങ്കിൽ ക്ഷീണിതനായി ഗാഢനിദ്രയിലാണ്ടിരിക്കുമ്പോഴൊ, പാദത്തിന്മേൽ കടിക്കാം. അതാണ് പറ്റിയ സമയവും സ്ഥലവും.' തള്ളപ്പൻ പറഞ്ഞു. പക്ഷേ അത്യാർത്തിക്കാരനും വങ്കനുമായ ആ ചെള്ളുണ്ടോ ഈവക കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നു. രാജാവ് വൈകുന്നേരം ചെറുതായൊന്നു മയങ്ങാൻ കിടക്കയിൽ വന്നുകിടന്നപ്പോഴേക്കും ചെള്ള് ഓടിച്ചെന്നു മുതുകത്ത് ഒരു കടികൊടുത്തു. പാവം രാജാവ് ചാടിയെണീറ്റു.

തേളുകുത്തിയാലുള്ള വേദന! 'നാശം എന്താ ഒരു ഭയങ്കര ജന്തു എന്നെ കടിച്ചു. ഈ കിടക്ക മുഴുവൻ തിരഞ്ഞ് അതിനെ നശിപ്പിക്കണം.' രാജാവ് ഭൃത്യന്മാർക്കു കൽപ്പന കൊടുത്തു. ചെള്ള് രാജാവ് പറയുന്നതുകേട്ട് കിടക്കയുടെ ഒരു ചുളിവിൽ ആർക്കും കാണാനാവാത്ത വിധം ഒളിച്ചിരുന്നു. ഭൃത്യന്മാർ വിളക്കുമായി വന്ന് കിടക്കയിൽ തിരച്ചിൽ ആരംഭിച്ചു. തള്ളപ്പേനിനെയാണ് അവർ കണ്ടത്. ഈ ദ്രോഹത്തിനുത്തരവാദികൾ ആ പേനുകളാണെന്ന് ധരിച്ച് തള്ളപ്പേനിനെയും കുടുംബാംഗങ്ങളേയും മുഴുവൻ കൊന്നൊടുക്കി. അതുകൊണ്ടാണ് ! അറിയാത്തവരെ വീട്ടിൽ കയറ്റി സൽക്കരിക്കുന്നത് ആപത്താണെന്ന് പറയുന്നത്.




കടപ്പാട് :പഞ്ചതന്ത്രകഥകൾ

Share this

0 Comment to " പേനും ചെള്ളും | funny malayalam story"

Post a Comment