Wednesday 17 May 2023

മൂന്നു നാവുകൾ| Malayalam classical story

 


സ്വിസർലണ്ടിൽ കിഴവനായ ഒരു പ്രഭു ഉണ്ടായിരുന്നു. അയാളുടെ ഏക മകൻ മന്ദബുദ്ധിയായിരുന്നു. എന്തെല്ലാം പഠിപ്പിച്ചിട്ടും അവന്റെ തലയിൽ ഒന്നും കയറിയിരുന്നില്ല. അച്ഛൻ മകനോട് പറഞ്ഞു: 'ഞാൻ നോക്കിയിട്ട് നിന്നെ പഠിപ്പിക്കാൻ പറ്റുന്നില്ല ഇനി ഒരു വിദഗ്ദ്ധനായ ആശാന്റെയടുത്തു വിട്ട് പഠിപ്പിക്കാൻ നോക്കാം ' അങ്ങനെ ബാലനെ, വിദേശത്തുള്ള ഒരു നഗരത്തിലേക്കയച്ചു.

അവിടത്തെ ആശാനോടൊപ്പം ഒരു വർഷം താമസിച്ചശേഷം, ബാലൻ നാട്ടിൽ മടങ്ങി വന്നു.“നീ എന്തെല്ലാം പഠിച്ചു? മകനെ കണ്ടപ്പോൾ അച്ഛൻ ചോദിച്ചു. "പട്ടിയെപ്പോലെ കുരയ്ക്കാൻ പഠിച്ചു. "കഷ്ടം, അച്ഛൻ പറഞ്ഞു: "അതേ നീ അഭ്യസിച്ചുള്ളൂ.? എങ്കിൽ മറെറാരു സ്ഥലത്തുള്ള വേറൊരാശാന്റെയടുത്തേക്ക് അയയ്ക്കാം ഇനി. ബാലനെ മറെറാരു സ്ഥലത്തു വിദ്യകളഭ്യസിക്കാനയച്ചു. ഒരു വർഷത്തെ വാസത്തിനുശേഷം അവൻ വീണ്ടും മടങ്ങി വന്നപ്പോൾ അച്ഛൻ പഴയ ചോദ്യം ആവർത്തിച്ചു.


"പക്ഷികളുടെ കളകൂജനമാണ് ഞാൻ പഠിച്ചത്. മകൻ പറഞ്ഞു. ഇതു കേട്ട് കുപിതനായ പിതാവു പറഞ്ഞു: 'മുടിയാൻ ജനിച്ച നീ, ഇത്രയും കാലംകൊണ്ട് ഉപയോഗപ്രദമായ യാതൊന്നും പഠിച്ചില്ല.അല്ലേ? നാണമില്ലല്ലോ നിനക്ക് എന്റെ അടുത്തു വരാൻ. ഏതായാലും ഒരിക്കൽക്കൂടി ഞാൻ നിന്നെ മറെറാരാശാന്റെയടുത്തു വിടുന്നുണ്ട്. എന്നിട്ടും നീ ഒന്നും പഠിക്കുന്നില്ലെങ്കിൽ പിന്നെ, എന്നെ അച്ഛനായി കണക്കാക്കണ്ട. പന്ത്രണ്ടു മാസത്തിനുശേഷം, അവൻ മടങ്ങി വന്നു.


അങ്ങനെ ബാലനെ മൂന്നാമതൊരാശാന്റെയടുത്തേക്കയച്ചു. തവളകളുടെ "ക്രോക്, ക്രോക് എന്ന കരച്ചിലാണ് ഇത്തവണ പഠിച്ചതെന്നു മകൻ അച്ഛനെ അറിയിച്ചു. ഇതു കേട്ട് പണ്ടത്തേതിലേറെ കുപിതനായി ത്തീർന്ന അച്ഛൻ, എല്ലാവരേയും വിളിച്ചു വരുത്തി ഇങ്ങനെ അറിയിച്ചു. ഈ കുമാരൻ മേലിൽ എന്റെ മകനല്ല. അവനെ ഞാൻ തള്ളിക്കളഞ്ഞിരിക്കുന്നു. നിങ്ങൾ ഇവനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി കഥ കഴിക്കണം. പരിചാരകർ, കുമാരനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.


പക്ഷേ, അവനെ കൊല്ലാൻ അവർക്ക് മനസ്സുവന്നില്ല. അവനെ അവർ വിട്ടയച്ചു. പകരം ഒരു മാൻകിടാവിന്റെ കണ്ണും നാക്കും മുറിച്ചെടുത്ത് തെളിവായി യജമാനനെ കാണിക്കുന്നതിനു വേണ്ടി കൊണ്ടുപോയി. കുമാരൻ, അലഞ്ഞു നടന്ന് ഒടുവിൽ ഒരു പഴയ കൊട്ടാര ത്തിലെത്തിച്ചേർന്നു. അന്നു രാത്രി ആ കൊട്ടാരത്തിൽ താമസിക്കാൻ അതിന്റെ അധിപനോട് 
അനുവാദം ചോദിച്ചു. സമ്മതവും കിട്ടി "താഴത്തെ നിലയിൽ കിടക്കണം. അവിടെയുള്ള ഗോപുരത്തിൽ വേണമെങ്കിൽ കയറാം, പക്ഷേ, അങ്ങനെ ചെയ്യാതിരിക്കയാണു നല്ലത് കാരണം, അത് അപകടമാണ്.


അവിടെ നിറയെ പേപ്പട്ടികളുണ്ട്. ആരെ കണ്ടാലും കുരച്ചുകൊണ്ടെത്തുന്ന പട്ടികൾ. ചില സമയങ്ങളിൽ ആ പട്ടികൾക്കു തിന്നാൻ ആളുകളെ എറിഞ്ഞിട്ടുകൊടുക്കേണ്ടിവരും. ഈ പട്ടികൾ, രാജ്യത്തെമ്പാടും ഭീതിയും ദുഃഖവും പരത്തിയിരുന്നു. അവയുടെ ദ്രോഹങ്ങൾക്ക് അറുതി വരുത്താൻ ആർക്കും കഴിഞ്ഞില്ല. എല്ലാം അറിഞ്ഞിട്ടും നിർഭയനായ കുമാരൻ പറഞ്ഞു: പേപ്പട്ടികളുടെയടുത്തേക്ക് എന്നെ വിട്ടുകൊള്ളൂ.


അവയ്ക്ക് കൊടുക്കാൻ എന്തെങ്കിലും എന്റെ പക്കൽ തന്നാൽ മതി. ഞാൻ ചെയ്യാം. അവ എന്നെ ഉപദ്രവിക്കില്ല. പട്ടികൾക്കു നൽകാനായി കുമാരന്റെ കൈയിൽ കുറെ ഇറച്ചിക്കഷ്ണങ്ങൾ കൊടുത്തു. എന്നിട്ട് അയാളെ ഗോപുരത്തിലേക്കു കൊണ്ടുവിട്ടു. അകത്തു പ്രവേശിച്ചപ്പോൾ പട്ടികളെല്ലാം അയാളുടെ ചുററും, സ്നേഹപൂർവം ഓടിക്കൂടി, വാലാട്ടിക്കൊണ്ട് നിന്നു. ഒന്നു കുരയ്ക്കുകകൂടി ചെയ്തില്ല. അയാൾ കൊടുത്ത ഇറച്ചി സ്വാദോടെ തിന്നു. ആ പട്ടികൾ അയാളെ ഉപദ്രവിക്കാൻ ശ്രമിച്ചതേയില്ല.


പിറേറന്നു രാവിലെ ഒരു പോറൽ പോലുമേൽക്കാതെ ഗോപുരത്തിനു വെളിയിൽ വന്ന അയാളെ കണ്ട് എല്ലാവരും അത്ഭുതസ്തബ്ധരായി. അയാൾ കൊട്ടാരമുടമയോടു പറഞ്ഞു: "ഈ നാടിന് ദുർഭൂതങ്ങൾ വിനാശമുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്നു സ്വന്തം ഭാഷയിൽ അവർ എന്നോടു പറഞ്ഞു. ഗോപുരത്തിനടിയിൽ, ഭൂതങ്ങളുടെ ഉടമസ്ഥതയിൽ കുറെയധികം നിധിയിരിപ്പുണ്ട്. അത് വെളിയിലെടുക്കുംവരെ അവർക്ക് വിശ്രമമില്ല. എങ്ങനെ ആ നിധി പുറത്തെടുക്കണമെന്നും അവർ എന്നോടു പറഞ്ഞിട്ടുണ്ട്.


ഇതു കേട്ട് എല്ലാവരും സന്തോഷിച്ചു. നിധി പുറത്തെടുക്കുമെങ്കിൽ, തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കാമെന്ന് കൊട്ടാരമുടമയായ പ്രഭു ആ കുമാരനെ അറിയിച്ചു. കുമാരൻ സസന്തോഷം നിധി പുറത്തെടുത്തു. ദുർഭൂതങ്ങൾ അപ്രത്യക്ഷമാവുക യും നാടിനുണ്ടായിക്കൊണ്ടിരുന്ന വിനാശങ്ങളും ഗ്രഹപ്പിഴകളും അങ്ങനെ അവസാനിക്കുകയും ചെയ്തു. അതിനെത്തുടർന്ന് സുന്ദരിയായ കന്യകയെ വരിച്ച് കുമാരൻ സസന്തോഷം അവിടെ താമസമാക്കി.


കുറെ നാളുകൾക്കു ശേഷം ഒരിക്കൽ കുമാരൻ ഭാര്യാസമേതം കുതിരവണ്ടിയിൽ റോമിലേക്കു പുറപ്പെട്ടു. വഴിമധ്യേയുള്ള ഒരു ചതുപ്പു നിലത്തിൽ തവളകൾ കരയുന്നതു കേട്ട് അയാൾ മ്ലാനവദനനായിത്തീർന്നു. തവളകളുടെ ഭാഷ അറിയാവുന്ന അയാൾ, താൻ ദുഃഖിക്കുന്നതെന്തിനെന്നു ഭാര്യയെ അറിയിച്ചില്ല. റോമിലെത്തിയ പ്പോഴേക്കും പോപ്പ്, നിമിഷങ്ങൾക്കു മുമ്പ് കാലം ചെയ്തുകഴിഞ്ഞിരുന്നു.


കാലം ചെയ്ത പോപ്പിന്റെ അനന്തരാവകാശി ആരായിരിക്കണ മെന്ന പ്രശ്നത്തെച്ചൊല്ലി, കർദ്ദിനാളന്മാർ തമ്മിൽ മത്സരം. ഒടുവിൽ അത്ഭുതസിദ്ധികളെന്തെങ്കിലും കാട്ടാൻ കഴിവുള്ള ആളിനെ മാർപ്പാപ്പയാക്കാം എന്നു തീരുമാനമുണ്ടായി. ആ അവസര ത്തിലാണ് കുമാരൻ കുതിരവണ്ടിയിൽ അവിടെ ചെന്നിറങ്ങുന്നത്. അയാൾ പള്ളിയിൽ പ്രവേശിച്ചപ്പോൾ ഇരുതോളിലും എവിടനിന്നോ ഓരോ പ്രാവ് വന്നിരുന്നു.


"ഇതാ അത്ഭുതസിദ്ധിയുടെ നിദർശനം. അവിടെ കൂടിയിരുന്ന വരെല്ലാം വിളിച്ചു പറഞ്ഞു. "താങ്കൾക്ക് മാർപ്പാപ്പയാകാമല്ലോ, അല്ലേ? കുമാരനോട് അവരന്വേഷിച്ചു. ഇത്രയ്ക്ക് വലിയ സ്ഥാനത്തിനും ബഹുമാനത്തിനും താൻ അർഹനല്ലല്ലോ എന്നോർത്തു വിഷമിച്ച കുമാരനോട് പ്രാവുകൾ പറഞ്ഞു: "സ്ഥാനം സ്വീകരിച്ചോളൂ.


അങ്ങനെ കുമാരൻ മാർപ്പാപ്പയാകാൻ സമ്മതിച്ചു. എല്ലാ വിശുദ്ധ ചടങ്ങുകളോടും കൂടി അയാളെ മാർപ്പാപ്പയായി അവരോധിച്ചു. തവളകളുടെ സംസാരം അങ്ങനെ ഫലവത്തായിത്തീർന്നു. മാർപ്പാപ്പയായിട്ടും കുർബാന ചൊല്ലാനറിയാതിരുന്ന കുമാരന് പ്രാവുകളാണ് എല്ലാ നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയത്.


കടപ്പാട് : ഗ്രിമ്മിന്റെ കഥകൾ

Share this

0 Comment to "മൂന്നു നാവുകൾ| Malayalam classical story"

Post a Comment